കോട്ടയം: മരണാനന്തരം തന്റെ 14 അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രത്തില്‍ ഒപ്പിട്ട് ജോസ് കെ.മാണിയുടെ ഭാര്യ നിഷ ജോസ് കെ. മാണി. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനിലാണ് നിഷ അവയവദാനത്തിനായി രജിസ്റ്റര്‍ ചെയ്തത്. നിഷ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഹൃദയവും കണ്ണുകളും വൃക്കയും കരളും ഉൾപ്പെടെ 14 അവയവങ്ങൾ ദാനം ചെയ്യാനാണ് നിഷ സമ്മതപത്രം നൽകിയിരിക്കുന്നത്. ഈ സർട്ടിഫിക്കറ്റും അവർ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. തന്റെ മരണം മറ്റൊരാളുടെ തുടക്കമാകുമെങ്കില്‍ അങ്ങനെ തന്നെയാകട്ടെ എന്ന് പറഞ്ഞാണ് നിഷ ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്.
‘എന്റെ മരണം വെറുമൊരു വിടവാങ്ങൽ മാത്രമായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. അതൊരു തുടർച്ചയായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വീണ്ടും മിടിക്കുന്ന ഹൃദയം. മറ്റൊരു സൂര്യോദയം കാണാൻ കഴിയുന്ന കണ്ണുകൾ. വർഷങ്ങളുടെ കഷ്ടപ്പാടുകളിൽ നിന്ന് ഒരാൾക്ക് മോചനം നൽകുന്ന ഒരു വൃക്ക. മറ്റൊരു മനുഷ്യന് അവർ സ്നേഹിക്കുന്ന ആളുകളുമായി കൂടുതൽ സമയം നൽകാൻ കഴിയുന്ന ഒരു കരൾ, ശ്വാസകോശം, ടിഷ്യുകൾ, മറ്റ് സമ്മാനങ്ങൾ. ഞാൻ 14 അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതപത്രം നൽകി. എന്റെ ശരീരം മണ്ണിലേക്ക് മടങ്ങുന്നതിന് മുമ്പ്, കഴിയുന്നത്ര ജീവൻ പകരട്ടെ.എന്റെ മകൾക്ക് എന്റെ ശരീരം നഷ്ടപ്പെട്ടേക്കാം… പക്ഷേ എന്റെ സ്നേഹം ഒരിക്കലും നഷ്ടപ്പെടില്ല.14 അവയവങ്ങൾ…14 ജീവിതസാധ്യതകൾ…ഒരു ജീവിതത്തിന്റെ അവസാന സമ്മാനം’, നിഷ ഫേയ്സ്ബുക്കിൽ കുറിച്ചു.
