മിസൈല്‍ സഹായം വര്‍ധിപ്പിക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ട് യുക്രെയ്ന്‍

കീവ്: റഷ്യന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പ്രാദേശിക മിസൈല്‍ സഹായം വര്‍ധിപ്പിക്കണമെന്ന് യുഎസിനോട് ആവശ്യപ്പെട്ട് യുക്രെയ്ന്‍. തങ്ങള്‍ വലിയ തോതില്‍ മിസൈല്‍ ക്ഷാമം നേരിടുന്നതായി യുക്രെയിന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി സിഎന്‍എന്നിനോട്് പറഞ്ഞു. യുഎസിലെ മിസൈല്‍ സംവിധാനങ്ങളുടെ 10 ശതമാനം യുക്രെയ്ന് നല്‍കിയാല്‍ റഷ്യയുടെ എല്ലാ ബാലിസ്റ്റിക് മിസൈലുകളെയും ഞങ്ങള്‍ തകര്‍ക്കുമെന്നും സെലെന്‍സ്‌കി സിഎന്‍എന്നിനോട് പറഞ്ഞു. അമേരിക്കയും ഗള്‍ഫ് രാജ്യങ്ങളും ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ മിസൈലുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ലോകത്ത് മിസൈലുകള്‍ക്ക് വലിയ ക്ഷാമം നേരിടുന്നതായും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈ ക്ഷാമം ഏറ്റവും രൂക്ഷമായി ബാധിക്കുന്നത് യുക്രെയിനെയാണ്. റഷ്യയുടെ റോക്കറ്റ് ആക്രമണങ്ങള്‍ക്ക് മുന്നില്‍ യുക്രെയിനിലെ നഗരങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാനാവാതെ വരുന്നതായും സെലെന്‍സ്‌കി വെളിപ്പെടുത്തി. യുക്രെയിന് സ്വന്തമായി പ്രാദേശിക ഇന്റര്‍സെപ്റ്റര്‍ മിസൈലുകള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട് യാഥാര്‍ഥ്യമാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും സംശയങ്ങളുണ്ടെന്നും സെലെന്‍സ്‌കി പറഞ്ഞു. യുഎസിലെ മിസൈല്‍ സംവിധാനങ്ങളുടെ 10 ശതമാനം യുക്രെയ്ന് നല്‍കിയാല്‍ റഷ്യയുടെ എല്ലാ ബാലിസ്റ്റിക് മിസൈലുകളെയും ഞങ്ങള്‍ തകര്‍ക്കുമെന്നും സെലെന്‍സ്‌കി പറഞ്ഞു.

നാറ്റോ അങ്കാറ ഉച്ചകോടിക്കിടെ ട്രംപ്, പ്രാദേശിക മിസൈലുകള്‍ സ്വയം നിര്‍മ്മിക്കാന്‍ യുക്രെയിന് ലൈസന്‍സ് നല്‍കാന്‍ അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുശേഷം ഇക്കാര്യത്തില്‍ ഉറപ്പു നല്‍കാനാവില്ലെന്ന് ട്രംപ് വ്യക്തമാക്കി. പ്രാദേശിക മിസൈല്‍ സംവിധാനങ്ങളുടെ നിര്‍മ്മാതാക്കള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഉദ്യോഗസ്ഥരെ കീവിലേക്ക് അയച്ചിട്ടുണ്ടെങ്കിലും ഇതുവരെ കാര്യമായ ഫലമുണ്ടായിട്ടില്ല. ഈ യുദ്ധത്തിന്റെ തുടക്കം മുതല്‍ താന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണിത് എന്ന് സെലെന്‍സ്‌കി പറഞ്ഞു. പ്രാദേശിക മിസൈല്‍ സഹായം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫോണ്‍ കോളുകള്‍, സന്ദേശങ്ങള്‍ എന്നിവയിലൂടെ നേരിട്ടും സഖ്യകക്ഷികള്‍ വഴിയും വൈറ്റ് ഹൗസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

എന്നാല്‍ ട്രംപ് ഭരണകൂടവുമായുള്ള സമീപകാല ആശയവിനിമയങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സെലെന്‍സ്‌കി തയ്യാറായില്ല. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സുമായി അടുത്തിടെ ഫോണ്‍ സംഭാഷണം നടത്തിയതായി അദ്ദേഹം വെളിപ്പെടുത്തി. ട്രംപിന്റെ നേതൃത്വത്തിലുള്ള സമാധാന ചര്‍ച്ചകള്‍ക്കായി യുക്രെയ്ന്‍ പുതിയ നിര്‍ദേശങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാല്‍ അവയുടെ വിശദാംശങ്ങള്‍ സെലെന്‍സ്‌കി വെളിപ്പെടുത്തിയില്ല. റഷ്യ-യുക്രെയ്ന്‍ സമാധാന പദ്ധതിയില്‍ അമേരിക്കയുടെ കൂടുതല്‍ ഇടപെടല്‍ ആവശ്യമാണെന്നും സെലെന്‍സ്‌കി പറഞ്ഞു. നാറ്റോയിലെ ബാള്‍ട്ടിക് രാജ്യങ്ങളില്‍ ഏതെങ്കിലും ഒന്നിനെ റഷ്യ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *