തിരുവനന്തപുരം: കൊല്ലം കരുനാഗപ്പള്ളി ബിവറേജസ് ഔട്ട്ലെറ്റില് മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന് പരാതി. ബില്‍ തുകയ്ക്ക് പുറമെ ജീവനക്കാര്‍ 50 രൂപ കൂടി ആവശ്യപ്പെടുന്നുവെന്നാണ് പരാതി. കൊല്ലം കരുനാഗപ്പള്ളി ബിവറേജസ് ഔട്ട്ലെറ്റിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ജീവനക്കാര്‍ പണം വാങ്ങുന്ന ദൃശ്യം ഉള്‍പ്പെടെ അയച്ചുകൊണ്ടാണ് എക്സൈസ് മന്ത്രി എം ലിജുവിന് പരാതി നല്‍കിയിരിക്കുന്നത്.വിഷയത്തില്‍ ഉടന്‍ തന്നെ മന്ത്രി ഇടപെട്ടു. പരാതിയില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്കി.
അന്വേഷിച്ച് ഉടന്‍ നടപടിയെടുക്കാന്‍ ബെവ്കോ സിഎംഡിക്ക് മന്ത്രി നേരിട്ട് നിര്‍ദേശം നല്‍കുകയായിരുന്നു. ബെവ്കോയുടെ ഇന്റേണല്‍ ഓഡിറ്റ് വിഭാഗം പരാതിയില്‍ അന്വേഷണം നടത്തും. കൊല്ലം ജില്ലാ ഓഡിറ്റ് ടീം കരുനാഗപ്പള്ളി ഔട്ട്ലെറ്റില് നേരിട്ടെത്തി പരിശോധന അടക്കമുള്ളവ നടത്തുമെന്നും മന്ത്രിയുടെ പ്രസ്താവനയില്‍ പറഞ്ഞു.
ബെവ്കോ ആസ്ഥാനത്തെ ഓഡിറ്റ് സംഘം ഇത് ഏകോപിപ്പിക്കും. തുടര്‍ന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഓഡിറ്റ് വിഭാഗം പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കും.അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ തന്നെ കൈമാറണമെന്നാണ് ഓഡിറ്റ് സംഘത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്നും മന്ത്രിയുടെ പ്രസ്താവനയില്‍ പറയുന്നു.
