ന്യൂഡൽഹി: പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിലെ സുരക്ഷാ സാഹചര്യം വഷളായ സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. മാലിയിലെ പ്രധാന നഗരങ്ങളിലും സൈനിക താവളങ്ങളിലും ഭീകരർ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ബമാകോ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വെടിയൊച്ചകളും സ്ഫോടനങ്ങളും കേട്ടതായും വിവരമുണ്ട്. നിലവിൽ സാഹചര്യം നിയന്ത്രണവിധേയമാണെന്ന് മാലി സൈന്യം അറിയിച്ചെങ്കിലും, സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി.
മാലിയിലെ കാറ്റി ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽ സായുധ സംഘങ്ങൾ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ബമാകോയിലെ ഇന്ത്യൻ എംബസി അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ഇന്ത്യൻ പൗരന്മാർ വീടിനുള്ളിൽ തന്നെ കഴിയണമെന്നാണ് പ്രധാന നിർദേശം. മാലിയിൽ താമസിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്നും പുറത്തിറങ്ങരുതെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. പ്രാദേശിക അധികൃതരും എംബസിയും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്ന് ആവശ്യപ്പെട്ട എംബസി അടിയന്തര സാഹചര്യങ്ങളിൽ +223 78486019 / 94793705 എന്നീ നമ്പറുകളിൽ എംബസിയെ ബന്ധപ്പെടണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മാലിയിലെ വിവിധ നഗരങ്ങളിൽ അതിശക്തമായ ആക്രമണങ്ങളാണ് നടന്നത്. അൽ-ഖ്വയ്ദയുമായി ബന്ധമുള്ള സംഘടനയായ ജെഎൻഐഎം, തുവാറെഗ്, വിമത ഗ്രൂപ്പായ എഫ്എൽഎ എന്നിവർ സംയുക്തമായി ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഇന്ത്യൻ പൗരന്മാർ എംബസിയുടെ വെബ്സൈറ്റും സോഷ്യൽ മീഡിയ അക്കൗണ്ടുകളും വഴി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നും നിർദ്ദേശമുണ്ട്. മാലിയൻ അധികൃതരുമായി ഏകോപിപ്പിച്ച് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആവശ്യാനുസരണം കൂടുതൽ അപ്ഡേറ്റുകൾ നൽകുമെന്നും എംബസി കൂട്ടിച്ചേർത്തു.
