യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് ആദരം; സ്മാരക മ്യൂസിയം തുറന്ന് ഉത്തര കൊറിയയും റഷ്യയും

സോൾ: റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്ക് വേണ്ടി പോരാടി മരിച്ച സൈനികർക്കായി പ്യോങ്‌യാങ്ങിൽ സ്മാരക മ്യൂസിയം തുറന്ന് ഉത്തരകൊറിയ. കുർസ്ക് മേഖലയിലെ യുദ്ധത്തിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചാണ് ഈ മ്യൂസിയം ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നും റഷ്യയുടെ ഉന്നത പ്രതിനിധികളും പങ്കെടുത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഖ്യം കൂടുതൽ ശക്തമാക്കുമെന്ന് ഇവർ പ്രഖ്യാപിച്ചു.

യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ ഓർമ്മകൾ സംരക്ഷിക്കുമെന്ന് കിം ജോങ് ഉൻ പറഞ്ഞു. റഷ്യയുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും വേണ്ടിയുള്ള എല്ലാ പ്രവർത്തനങ്ങളിലും ഉത്തരകൊറിയ കൂടെയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി. റഷ്യയുമായി 2027 മുതൽ 2031 വരെ നീളുന്ന പുതിയ സൈനിക സഹകരണ കരാറിൽ ഒപ്പുവെക്കാൻ തയ്യാറാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രിയും അറിയിച്ചു.

കഴിഞ്ഞ വർഷം കുർസ്ക് അതിർത്തിയിൽ റഷ്യയെ സഹായിക്കാൻ ഉത്തരകൊറിയ ഏകദേശം 15,000 സൈനികരെ അയച്ചിരുന്നു. ഇതിൽ 2,000 പേർ കൊല്ലപ്പെട്ടതായാണ് ദക്ഷിണ കൊറിയൻ ഇന്റലിജൻസ് റിപ്പോർട്ട് ചെയ്യുന്നത്. ഈ സൈനിക സഹകരണം വഴി റഷ്യയിൽ നിന്ന് അത്യാധുനിക സാങ്കേതികവിദ്യകൾ ഉത്തരകൊറിയയ്ക്ക് ലഭിക്കുമോ എന്ന ആശങ്ക അമേരിക്കയും ദക്ഷിണ കൊറിയയും പങ്കുവെക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *