കോഴിക്കോട്: വോട്ടെണ്ണലിന് തുടക്കം കുറിച്ച് സ്ട്രോങ്ങ് റൂമിൽ നിന്ന് വോട്ടിങ് മെഷീനുകൾ നിരത്തിയപ്പോൾ എല്ലാത്തിലും 99 ശതമാനം ബാറ്ററി ചാർജ്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെതുടർന്ന് സംശയം ഉന്നയിച്ച് കോഴിക്കോട് നോർത്ത് നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ ജയന്തിന്റെ കൗണ്ടിങ് ഏജന്റ് ജെയ്സൺ. ഒരു പകൽ മുഴുവൻ വോട്ട് രേഖപ്പെടുത്താൻ ഉപയോഗിച്ച യന്ത്രത്തിൽ എങ്ങനെ 99 ശതമാനം ചാർജ് ബാക്കിയുണ്ടാവുക എന്ന സംശയമാണ് ഏജന്റ് ഉന്നയിച്ചത്.
എന്നാൽ, നിലവിലെ വ്യവസ്ഥ അനുസരിച്ച് ഇവിഎം മെഷീനിന്റെ ബാറ്ററി ചാർജ് രേഖപ്പെടുത്തുന്ന സംവിധാനമില്ലെന്ന് ഉദ്യോഗസ്ഥർ മറുപടി നൽകി. യുഡിഎഫ് ഏജന്റ് യുഡിഎഫ് സ്ഥാനാർത്ഥിയായ ജയന്തിനെയും ഡിസിസി പ്രസിഡണ്ട് കെ പ്രവീൺകുമാറിനെയും വിവരം അറിയിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി ജയന്ത് വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തി ഉദ്യോഗസ്ഥരുമായി ഇതേക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. കോഴിക്കോട് നോർത്ത് നിയോജക മണ്ഡലത്തിൽ മാത്രമാണ് ഈ പ്രശനം ഉന്നയിക്കപ്പെട്ടത്. എന്നാൽ എല്ലാ മെഷീനുകളിലും അങ്ങനെത്തന്നെയാണ് കാണിക്കുന്നതെന്നാണ് അദ്ദേഹത്തിന് ഉദ്യോഗസ്ഥർ മറുപടി നൽകിയത്.
