ആദ്യ ഷിപ്പ് ടു ഷിപ്പ് ബങ്കറിംഗ് വിജയകരം; വിഴിഞ്ഞത്ത് 1,20,000 ലിറ്റർ ഇന്ധനം വിദേശകപ്പലിൽ നിറച്ചു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് മാരി ടൈം ബോർഡിന്റെ ആദ്യ ഷിപ്പ് ടു ഷിപ്പ് ബങ്കറിംഗ് വിജയകരം. വിഴിഞ്ഞത് കസ്റ്റഡിയിലുള്ള വിദേശ കപ്പലിലായിരുന്നു ഇന്ധനം നിറച്ചത്. തിരുവനന്തപുരം കേന്ദ്രമായ ജിയോ മാക്സ് ഷിപ്പിംഗ് സർവീസസ് എന്ന കമ്പനിയാണ് ബങ്കറിംഗ് നടത്തിയത്. 1,20,000 ലിറ്റർ ഇന്ധനമാണ് ഇന്നലെ കൊച്ചിയിൽ നിന്നും എം ടി ജനീസസ് എന്ന കപ്പൽ മുഖാന്തരം വിഴിഞ്ഞത്തു എത്തിച്ച് ഇവിടെ തുടരുന്ന കപ്പലിൽ നിറച്ചത്. കടലിൽ നങ്കൂരമിട്ട കപ്പലിന് സമീപം മറ്റൊരു കപ്പൽ എത്തിച്ച് ഇന്ധനം നിറയ്ക്കുന്നത് ആദ്യമായാണ്.

കൊച്ചിയിൽ നിന്നും രാവിലെ എത്തിയ എം ടി ജനീസസ് എന്ന കപ്പലിൽ നിന്നും 9 മണിയോടെയാണ് ഇന്ധനം നിറച്ച് തുടങ്ങിയത്. ഏകദേശം മുക്കാൽമണിക്കൂർകൊണ്ട് ബങ്കറിംഗ് വിജയകരമായി പൂർത്തിയായെന്ന് അധികൃതർ പറഞ്ഞു. തുടർന്ന് 12.45 ഓടെ കപ്പൽ മടങ്ങി. ധ്വനി എന്ന ടാഗിന്റെ അസി. മറൈൻ എഞ്ചിനീയർ ശ്രീകുമാർ സാങ്കേതിക നടപടികൾക്ക് നേതൃത്വം നൽകി. കപ്പലിടിച്ചു മീൻപിടുത്ത ബോട്ട് മുങ്ങിയ സംഭവത്തിൽ വിഴിഞ്ഞത്ത് തടഞ്ഞിട്ടിരുന്ന എം വി സോളിസ് എന്ന കപ്പലിലാണ് ഇന്നലെ ബങ്കറിംഗ് നടത്തിയത്.

ഇന്ധനം പൂർണമായി തീർന്നാൽ എൻജിൻ പ്രവർത്തനം നിലച്ച് കപ്പൽ ഉപേക്ഷിക്കേണ്ട ഗുരുതര സ്ഥിതി ഉണ്ടാകുമെന്ന പ്രതിസന്ധി കണക്കിലെടുത്ത് കപ്പൽ ക്യാപ്റ്റന്റെ അടിയന്തര മെയിൽ സന്ദേശത്തെ തുടർന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗിൽ നിന്നുള്ള നിർദേശം അനുസരിച്ചായിരുന്നു ഇന്ധനം എത്തിച്ച് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *