ഐപിഎല്ലിൽ കളിക്കാര്‍ക്കൊപ്പം ഇനി ഗേൾഫ്രണ്ട്സ് വേണ്ട

മുംബൈ: ഐപിഎല്ലിൽ താരങ്ങളുടെ പ്രകടനത്തിനൊപ്പം തന്നെ ചർച്ചയാകാറുള്ള അവരുടെ വ്യക്തിജീവിതത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്താൻ ബിസിസിഐ. ഐപിഎൽ സീസണിൽ താരങ്ങൾ തങ്ങളുടെ ഗേൾഫ്രണ്ട്‌സിനൊപ്പം പരസ്യമായി പ്രത്യക്ഷപ്പെടുന്നതും ടീം ബസുകളിലും ഹോട്ടലുകളിലും അവരെ ഒപ്പം താമസിപ്പിക്കുന്നതും വർധിച്ച സാഹചര്യത്തിലാണ് ബിസിസിഐയുടെ ഈ നീക്കം. ഇതിനെ ‘ഗേൾഫ്രണ്ട് കൾച്ചർ’ എന്ന് വിശേഷിപ്പിച്ച ബോർഡ്, വിഷയത്തിൽ അടിയന്തരമായി പുതിയ ചട്ടങ്ങൾ രൂപീകരിക്കാൻ ഒരുങ്ങുകയാണ്.

ദൈനിക് ജാഗരൺ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ചില താരങ്ങളുടെ പങ്കാളികളുടെ സോഷ്യൽ മീഡിയ ഇടപെടലുകളാണ് ബിസിസിഐയെ പുതിയ മാര്‍ഗരേഖ പുറത്തിറക്കാന്‍ നിര്‍ബന്ധിതരാക്കിയത്. താരങ്ങളുടെ പങ്കാളികളില്‍ പലരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ കൂടിയാണ്. ടീമിനുള്ളിലെ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ അബദ്ധവശാൽ പോലും ഇവരിലൂടെ പുറത്തുപോകുന്നത് കളിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.

ചില താരങ്ങളുടെ പങ്കാളികൾ മുൻപ് ബെറ്റിംഗ് ആപ്പുകളെ പ്രമോട്ട് ചെയ്തതായി ബോർഡിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ഐപിഎൽ പോലൊരു ലീഗിന്‍റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുമെന്നാണ് ബിസിസിഐ നിലപാട്. ഗേൾഫ്രണ്ട്‌സിന് വേണ്ടി ടീം ബസുകൾ കാത്തുനിൽക്കുന്ന സാഹചര്യമുണ്ടായതായും ഔദ്യോഗിക അനുമതിയില്ലാതെ ഇവർ ടീം ഹോട്ടലുകളിൽ താമസിക്കുന്നതായും ബിസിസിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *