കുവൈത്തിൽ കാലാവസ്ഥാ വ്യതിയാനവും പൊടിക്കാറ്റും; ജാഗ്രതാ നിർദ്ദേശം നൽകി

കുവൈത്ത് സിറ്റി: കുവൈത്തിൽ ശൈത്യകാലത്ത് നിന്ന് വേനൽക്കാലത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായി ‘സരായത്’ സീസൺ ശക്തമാകുന്നു. മെയ് മാസം അവസാനിക്കുന്നത് വരെ കാലാവസ്ഥയിൽ വലിയ മാറ്റങ്ങളും ശക്തമായ പൊടിക്കാറ്റും തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ ആസ്ത്മ, അലർജി തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പൊടിക്കാറ്റിലുണ്ടാകുന്ന അതിസൂക്ഷ്മ കണികകൾ മൂക്കിലെ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ശ്വാസകോശത്തിൽ എത്താൻ സാധ്യതയുണ്ടെന്നാണ് ആരോ​ഗ്യവിദ​ഗ്ദർ പറയുന്നത്. ഇത് ശ്വാസംമുട്ടൽ, കഫക്കെട്ട്, നെഞ്ചിലെ അണുബാധ എന്നിവയ്ക്ക് കാരണമാകും. ശ്വാസകോശ രോഗികൾ ഈ സമയങ്ങളിൽ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

നിലവിലെ കാലാവസ്ഥാ വ്യതിയാനം മെയ് മാസം അവസാനം വരെ നീണ്ടുനിൽക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ശക്തമായ കാറ്റ്, ഇടിമിന്നലോടു കൂടിയ മഴ, പൊടിക്കാറ്റ് എന്നിവ ഈ സീസണിന്‍റെ പ്രത്യേകതയാണ്. അന്തരീക്ഷത്തിൽ പൊടിയുടെ അളവ് കൂടുന്നത് കാഴ്ചപരിധിയെ ബാധിക്കുമെന്നതിനാൽ വാഹനയാത്രക്കാരും കടലിൽ പോകുന്നവരും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *