കുവൈത്ത് സിറ്റി: കുവൈത്തിന്റെ തീരപ്രദേശങ്ങളിൽ വാരാന്ത്യത്തിൽ ഈർപ്പം ഉയരുമെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. വെള്ളി, ശനി ദിവസങ്ങളിൽ തുടരുന്ന തെക്കുകിഴക്കൻ കാറ്റ് ചൂട് വർധിപ്പിക്കും. ഞായറാഴ്ച മുതൽ മിതമായതോ ശക്തമായതോ ആയ കാറ്റ് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് മാറുമെന്നും തിങ്കളാഴ്ച വരെ ഇത് തുടരുമെന്നുമാണ് അറിയിപ്പ്. മരുഭൂമി പ്രദേശങ്ങളിലും തുറന്ന സ്ഥലങ്ങളിലും പൊടിക്കാറ്റിനും സാധ്യതയുണ്ട്.
അടുത്ത ആഴ്ചയുടെ തുടക്കത്തിൽ വീണ്ടും താപനില ഉയരും. പരമാവധി താപനില 47 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ എത്താനിടയുണ്ട്. ഉപരിതല ന്യൂനമർദ്ദ സംവിധാനത്തിന്റെ സ്വാധീനത്തോടൊപ്പം ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയാണ് രാജ്യത്തെ ബാധിച്ചിരിക്കുന്നതെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ പറഞ്ഞു. വെള്ളിയാഴ്ച കാലാവസ്ഥ ചൂടും താരതമ്യേന ഈർപ്പമുള്ളതുമായിരിക്കും. പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ പരമാവധി താപനില 43 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. രാത്രിയിൽ ചൂട് കുറഞ്ഞാലും തീരങ്ങളിൽ ഈർപ്പം തുടരുമെന്നും കുറഞ്ഞ താപനില 24 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നുമാണ് അറിയിപ്പ്.
