ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ച് അമ്പലപ്പുഴ നിയുക്ത എംഎല്‍എ ജി. സുധാകരന്. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് വെള്ളാപ്പള്ളിയെയും ഭാര്യ പ്രീതി നടേശനേയും കണ്ടത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മത-സാംസ്കാരിക-സാമൂഹിക മേഖലയിലെ വിവിധ ആളുകളെ ജി. സുധാകരന് സന്ദര്‍ശിക്കുകയാണ്.
ആലപ്പുഴയില്‍ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സുധാകരന് 27,935 വോട്ടിന്റെ മിന്നും ജയമാണ് സ്വന്തമാക്കിയത്. സിറ്റിങ് എംഎല്‍എയായിരുന്ന സിപിഎം നേതാവ് എച്ച്. സലാമിനെയാണ് സുധാകരന് പരാജയപ്പെടുത്തിയത്. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായിരുന്ന സുധാകരന് പാര്‍ട്ടിയില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ചാണ് സ്വതന്ത്രനായി മത്സരിച്ചത്.
