ജിദ്ദ: ഹജ്ജ് നിയമങ്ങൾ ലംഘിച്ച് അനുമതിപത്രമില്ലാതെ മക്കയിലേക്ക് കടക്കാൻ ശ്രമിച്ച നാലുപേരെ സുരക്ഷാ സേന പിടികൂടി. രണ്ട് യമൻ സ്വദേശികൾ, ഒരു ഈജിപ്ഷ്യൻ പൗരൻ, ഒരു സൗദി പൗരൻ എന്നിവരാണ് പിടിയിലായത്. ഹജ്ജ് സെക്യൂരിറ്റി ഫോഴ്സ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.
ഹജ്ജ് തീർഥാടനവുമായി ബന്ധപ്പെട്ട നിയമങ്ങളും മാർഗനിർദേശങ്ങളും എല്ലാവരും കർശനമായി പാലിക്കണമെന്ന് പൊതുസുരക്ഷാ വിഭാഗം ആവശ്യപ്പെട്ടു. ഹജ്ജ് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും രാജ്യത്തെ മറ്റ് ഭാഗങ്ങളിൽ 999 എന്ന നമ്പറിലും വിളിച്ച് അറിയിക്കാവുന്നതാണ്.
