കരടിക്കുഞ്ഞുങ്ങളെ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച യുവതി പിടിയിൽ

ദുബായ് : അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ കരടിക്കുഞ്ഞുങ്ങളെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഏഷ്യക്കാരി പിടിയിൽ. ദുബായ് കസ്റ്റംസാണ് ഇക്കാര്യം അറിയിച്ചത്.

പരിശോധനയ്ക്കിടെ അസാധാരണ വസ്തുക്കൾ കണ്ടെത്തിയതിനെത്തുടർന്ന് ലഗേജ് പ്രത്യേകം പരിശോധിക്കുകയായിരുന്നു. തുടർന്നാണ് അപൂർവ കരടികൾ അടങ്ങിയ കുട്ട സ്യൂട്ട്കേസിനുള്ളിൽ കണ്ടെത്തിയത്. എന്നാൽ, ഇവ ചത്തനിലയിലായിരുന്നു. പണം ലഭിച്ചതിനാൽ സ്യൂട്ട്കേസ് കൊണ്ടുവരുകയായിരുന്നുവെന്നും അത് മറ്റൊരാൾക്ക് നൽകാനുള്ളതാണെന്നും യാത്രക്കാരി ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. ഉള്ളിലുള്ളതിനെക്കുറിച്ച് അറിയിക്കാതെ സാധാരണ യാത്രക്കാരെ കള്ളക്കടത്ത് പ്രവർത്തനങ്ങൾക്കായി ചൂഷണം ചെയ്യുന്ന രീതിയാണിതെന്ന് അധികൃതർ അറിയിച്ചു. മൃഗഡോക്ടർ സ്ഥലത്തെത്തി മൃഗങ്ങളെ പരിശോധിച്ച് അവ ചത്തതായി സ്ഥിരീകരിച്ചു. അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ ഇനത്തിൽപ്പെട്ട കരടികളാണിവയെന്ന് മൃഗഡോക്ടർ പറഞ്ഞു. പരിസ്ഥിതി കുറ്റകൃത്യ യൂണിറ്റിന്റെ അന്വേഷണം ഉൾപ്പെടെയുള്ള നടപടികൾക്കായി ദുബായ് പോലീസ് കേസ് ബന്ധപ്പെട്ടവർക്ക് കൈമാറിയാതയാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *