പിതാവിനെ വെടിവെച്ച് യുവതി

അമൃത്സർ: ജീൻസ് ധരിക്കുന്നത് എതിർത്ത പിതാവിന് നേരെ വെടിയുതിർത്ത് യുവതി. പഞ്ചാബിലെ ഖൽചിയാനിലാണ് സംഭവം. 21കാരിയായ സ്നേഹ്ദീപ് കൗ‍ർ ആണ് പിതാവ് പർമിന്ദർ സിങ്ങിന് നേരെ നിറയൊഴിച്ചത്. വെടിയേറ്റ ഇയാളെ ഗുരു നാനാക് ദേവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ യുവതിയെ അറസ്റ്റ് ചെയ്തതായി അമൃത്സ‍ർ റൂറൽ എസ്എസ്പി സുഹൈൽ ഖാസിം മിർ വ്യക്തമാക്കി. വെടിയേറ്റ പർമിന്ദർ സിങ്ങിൻ്റെ നില തൃപ്തികരമാണ്.

മെയ് 14ന് രാവിലെ ആണ് സംഭവം. അക്രമത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വെടിയേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിച്ചു എന്നാണ് ആദ്യം വിവരം ലഭിച്ചത്. പ്രാഥമിക അന്വേഷണത്തിൽ, വ്യക്തിപരവും ആശയപരവുമായ വ്യത്യാസങ്ങളെ തുടർന്ന് അച്ഛനും മകൾക്കും ഇടയിൽ ഉണ്ടായ തർക്കമാണ് ഇതിന് കാരണമെന്ന് കണ്ടെത്തി. ജീൻസും ടോപ്പും ധരിക്കുന്നതും വിദേശത്ത് പോകുന്നതും പിതാവ് എതിർത്തിയതായി പറയപ്പെടുന്നു.

പ്രകോപിതയായ യുവതി പിതാവിന് നേരെ വെടിവെക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പിതാവിൻ്റെ പുറത്തും തോളിലുമാണ് വെടിയേറ്റത്. സംഭവത്തിൽ ലൈസൻസുണ്ടായിരുന്ന റിവോൾവർ തോക്ക് പൊലീസ് പിടിച്ചെടുത്തു. നാല് വെടിയുണ്ടകളും പൊലീസ് പ്രതിയിൽനിന്ന് പിടിച്ചെടുത്തു. പ്ലസ്ടു കഴിഞ്ഞ യുവതി ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹിച്ചിരുന്നതായും എന്നാൽ പിതാവ് എതിർത്തതിനെ തുടർന്ന് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. എന്നാൽ കുടുംബം ഇത് തള്ളി. അറസ്റ്റ് ചെയ്ത യുവതിയെ കോടതിയിൽ ഹാജരാക്കി. ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതായാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *