ജിദ്ദ: ബലിപെരുന്നാൾ അവധിക്ക് മുന്നോടിയായുള്ള അവസാന വ്യാപാര ദിനത്തിൽ സൗദി ഓഹരി വിപണിയിൽ മുന്നേറ്റം. തദാവുൽ ഓൾ ഷെയർ ഇൻഡക്സ് 42 പോയിന്റുകൾ ഉയർന്ന് 11,028 എന്ന നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് വിപണിയിൽ ആകെ 1110 കോടി റിയാലിന്റെ ഇടപാടുകൾ നടന്നു. വ്യാപാരത്തിനിടയിൽ സൂചിക ഒരു ഘട്ടത്തിൽ 11,032 പോയിന്റ് വരെ ഉയർന്നപ്പോൾ, താഴ്ന്ന നിലവാരം 10,973 പോയിന്റായിരുന്നു. ഈദ് അവധിയെ തുടർന്ന് താൽക്കാലികമായി നിർത്തലാക്കുന്ന വിപണിയിലെ വ്യാപാരം മെയ് 31ന് മാത്രമേ ഇനി പുനരാരംഭിക്കുകയുള്ളൂ. പ്രമുഖ കമ്പനികളുടെ ഓഹരികളിലെ വിലവർധനവാണ് ഇന്നത്തെ നേട്ടത്തിന് പ്രധാന കാരണമായത്. പ്രശസ്ത ബഹിരാകാശ ഗവേഷണ കമ്പനിയായ സ്പേസ് എക്സ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് ഒരുങ്ങുന്നുവെന്ന വാർത്ത പുറത്തുവന്നതോടെ, കമ്പനിയിൽ പങ്കാളിത്തമുള്ള കിങ്ഡം ഹോൾഡിങിന്റെ ഓഹരി വില 8 ശതമാനം ഉയർന്ന് 12.35 റിയാലിലെത്തി. സെനോമി റീട്ടെയ്ൽ 7 ശതമാനവും സൗദി നാഷണൽ ബാങ്ക് 2 ശതമാനവും നേട്ടമുണ്ടാക്കിയപ്പോൾ സൗദി അരാംകോയുടെ ഓഹരികൾ നേരിയ മുന്നേറ്റത്തോടെ 27.90 റിയാലിലെത്തി.
സൗദി ഓഹരി വിപണിയിൽ ഇന്ന് നേട്ടം
