തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലടക്കം വിവിധ ഇടങ്ങളില്‍ നടന്ന ഇ ഡി റെയ്ഡില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍. പിണറായി വിജയനെ പ്രതിയാക്കാന്‍ ബോധപൂര്‍വ്വമായി കെട്ടിച്ചമച്ച കേസെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍. സിപിഐഎം ഇതിനെ ചെറുക്കുമെന്നും ജനകീയ രീതിയില്‍ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോണ്‍ഗ്രസ്- ബിജെപി ഡീലിന്റെ ഭാഗമാണ് റെയ്‌ഡ്. ഭരണഘടനാ വിരുദ്ധമായി പിണറായി വിജയനെ തടഞ്ഞുവെച്ചിരിക്കുകയാണ്. ഇ. ഡിയെ ഉപയോഗിച്ച് പ്രതിപക്ഷത്തുളളവരെ വേട്ടയാടുകയാണ്. സിപിഐഎമ്മിനെയും പിണറായി വിജയനെയും റെയ്ഡ് കൊണ്ടൊന്നും ദുര്‍ബലപ്പെടുത്താനാകില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഇ.ഡി പിണറായിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല എന്ന് ചോദിച്ചയാളാണ് വി.ഡി സതീശൻ. ബിജെപിക്കും കോണ്‍ഗ്രസിനും പിണറായിയെ അറസ്റ്റ് ചെയ്യണം എന്ന ആവശ്യമുണ്ടായിരുന്നു. കെജ്രിവാളിനെ ജയിലിലടച്ചത് കോണ്‍ഗ്രസിന്റെ പരാതിയിലാണ്. ആരോപണം കഴമ്പുളളതല്ലെന്ന് പിന്നീട് ഡല്‍ഹി ഹൈക്കോടതി തന്നെ പറഞ്ഞു. ഭാവന ചമയ്ക്കലാണ് ഇഡി നടത്തുന്നതെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.
1.72 കോടി വീണാ വിജയന്‍ കൈപ്പറ്റിയത് നിയമാനുസൃതമായാണ്. ടാക്‌സ് അടക്കം അടച്ചതാണ്. എല്ലാ അന്വേഷണത്തോടും പൂര്‍ണമായും സഹകരിച്ച ആളാണ് വീണാ വിജയന്‍. പിണറായി വിജയന്‍ വീണയ്ക്ക് ഒരു സഹായവും ചെയ്തിട്ടില്ല എന്ന് ഹൈക്കോടതി തന്നെ കണ്ടെത്തിയിട്ടുണ്ട്. മകളായി പോയതുകൊണ്ട് അച്ഛന്റെ പേരില്‍ കേസെടുക്കാന്‍ കഴിയില്ല. വീണയ്ക്ക് വേണ്ടി ബേജാറാകേണ്ട കാര്യം സിപിഐഎമ്മിനില്ല. പിണറായിയെ പ്രതിയാക്കാനുളള ഗൂഢാലോചന നടക്കുന്നുണ്ട്. അതുകൊണ്ടാണ് പാര്‍ട്ടി ഇടപെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
