തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ നാല് ജില്ലകളിലായി 12 കേന്ദ്രങ്ങളിൽ നടത്തിയ വിപുലമായ റെയ്ഡിന് പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കടുത്ത തുടർ നടപടികളിലേക്ക് കടക്കുന്നു. റെയ്ഡിൽ വീണ വിജയന്റെ പക്കൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പിടിച്ചെടുത്ത ബാങ്ക് രേഖകൾ വിശദമായി പരിശോധിക്കാനും വീണ ഉൾപ്പെടെയുള്ളവർക്ക് ഉടൻ സമൻസ് അയക്കാനുമാണ് ഏജൻസിയുടെ തീരുമാനം. സിഎംആർഎല്ലിന്റെ മുഴുവൻ സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിൽ കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ എല്ലാ പഴുതുകളും ഉപയോഗിച്ചുള്ള പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ ആകെ 242 ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചിട്ടുണ്ട്. മരവിപ്പിച്ച ഈ അക്കൗണ്ടുകളിലായി ആകെ 18.36 കോടി രൂപയാണ് മരവിപ്പിച്ചിരിക്കുന്നത്. വിവിധ ഇടങ്ങളിൽ നിന്ന് പിടിച്ചെടുത്ത ഫിക്സഡ് ഡെപ്പോസിറ്റ് രേഖകളും ബാങ്ക് രേഖകളും പരിശോധിച്ച ശേഷം ഈ പണത്തിന്റെ ഉറവിടവും വിനിയോഗവും കണ്ടെത്താനാണ് ഉദ്യോഗസ്ഥരുടെ ലക്ഷ്യം.
