തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് ശുചിമുറിയിൽ ഒളിക്യാമറ വെച്ച് യുവതിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ചെക്കാലമുക്ക് സ്വദേശി രാഹുൽ. പി. അശോക് (38) ആണ് പിടിയിലായത്. പ്രതിയുടെ ഉടമസ്ഥതയിലുള്ള പ്രിന്റിങ് സ്ഥാപനത്തിലെ ശുചിമുറിയിൽ ആയിരുന്നു ക്യാമറ കണ്ടെത്തിയത്.
വേസ്റ്റ് ബിന്നിൽ ഒളിക്യാമറയും പവർ ബാങ്കും വെച്ചാണ് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്. മാർച്ച് 13-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യുവതിയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഒളിവിൽ പോയ പ്രതി മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചിരുന്നു. കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ രാഹുലിനെ റിമാൻഡ് ചെയ്തു.
