തിരുവനന്തപുരം: പിഎ നിയമനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ പ്രചാരണം നടത്തുന്ന നേതാക്കൾക്ക് മറുപടിയുമായി എൻ ശക്തൻ എംഎൽഎ. ഈ പ്രചരണം തീർത്തും തെറ്റാണെന്ന് ശക്തൻ ഫേസ്ബുക്കിൽ കുറിച്ചു. പിഎ നിയമനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും, നെയ്യാറ്റിൻകരയിൽ താൻ സ്ഥാനാർഥിയാകുമെന്ന് കേട്ടപ്പോൾ തന്നെ സ്ഥാനാർഥി ആക്കാതിരിക്കാൻ വേണ്ടി ശ്രമിച്ചതും, മന്ത്രിയാക്കാതിരിക്കാൻ ശ്രമം നടത്തിയതും ചെങ്കൽ പഞ്ചായത്തിലെ ചില നേതാക്കന്മാരാണ്, അവരാണ് ഈ വിവാദങ്ങൾക്ക് പിന്നിലെന്നും ശക്തൻ വെളിപ്പെടുത്തി. ഇടതുപക്ഷക്കാരനായ ജയദാസിനെ പിഎ ആയി നിയമിച്ചെന്ന ആരോപണവുമായാണ് ശക്തനെതിരെ ഒരു വിഭാഗം കോൺഗ്രസുകാർ രംഗത്തെത്തിയത്.
തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് സാധാരണ 3000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുന്ന പഞ്ചായത്താണ് ചെങ്കൽ. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ 1000 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് അവിടെ നിന്ന് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നിലും ഇതേ ടീമാണ് പ്രവർത്തിച്ചത്. എന്നെ മന്ത്രി സഭയിലേക്ക് പരിഗണിക്കുമെന്ന് തോന്നിയപ്പോൾ നേതാക്കളെ കണ്ട് മന്ത്രിയാക്കാതിരിക്കാൻ സമ്മർദ്ദം ചെലുത്തിയതും ഇതേ ടീമാണെന്നും ശക്തൻ ആരോപിച്ചു.
എൻ ശക്തന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
പ്രിയമുള്ളവരേ,
നെയ്യാറ്റിൻകരയിൽ ഞാൻ സ്ഥാനാർഥി ആകും എന്ന് കേട്ടപ്പോൾ തന്നെ എന്നെ സ്ഥാനാർഥി ആക്കാതിരിക്കാൻ വേണ്ടി ശ്രെമിച്ച ചെങ്കൽ പഞ്ചായത്തിലെ ചില നേതാക്കന്മാരാണ് ഈ വിവാദങ്ങൾക്ക് പിന്നിൽ. തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് സാധാരണ 3000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുന്ന പഞ്ചായത്താണ് ചെങ്കൽ എന്നാൽ ഈ തിരഞ്ഞെടുപ്പിൽ എനിക്ക് 1000 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് അവിടെ നിന്ന് ലഭിച്ചത് ഇതിന് പിന്നിലും ഇതേ ടീമാണ് പ്രവർത്തിച്ചത്.
എന്നെ മന്ത്രി സഭയിലേക്ക് പരിഗണിക്കുമെന്ന് തോന്നിയപ്പോൾ നേതാക്കളെ കണ്ട് മന്ത്രിയാക്കാതിരിക്കാൻ സമ്മർദ്ദം ചെലുത്തിയതും ഇതേ ടീമാണ്. നെയ്യാറ്റിൻകരയിലെ ജനങ്ങൾ നൽകിയ അംഗീകാരത്തിൽ വിറളിപൂണ്ട് നാടിനും പാർട്ടിക്കും അവമതിപ്പ് ഉണ്ടാക്കുന്ന രീതിയിൽ ഉള്ള നുണ പ്രചാരണങ്ങൾ നടത്തുന്ന ഇത്തരക്കാരെ ഒറ്റപ്പെടുത്താൻ പ്രിയപ്പെട്ട ജനങ്ങളും പാർട്ടിക്കാരും തയ്യാറാകണം എന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.
