കൊച്ചി: മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുക വഴി സംസ്ഥാന വഖഫ് ബോർഡ് നിയമപരമായ ചുമതലയാണ് നിർവഹിച്ചതെന്ന് ജുഡീഷ്യൽ കമ്മീഷൻ സി എൻ രാമചന്ദ്രൻ നായർ. നിലവിലെ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ നിയമവിരുദ്ധമാകുമെന്നും മുനമ്പം ജുഡീഷ്യൽ കമ്മീഷൻ വ്യക്തമാക്കി. ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്താലും കോടതി ഉത്തരവ് അനുസരിച്ചാകും ഭൂമിയുടെ അന്തിമ തീരുമാനമെന്നും ജുഡീഷ്യൽ കമ്മീഷൻ പറഞ്ഞു.
മുനമ്പത്തെ വഖഫ് ഭൂമി തർക്കത്തിൽ വഖഫ് ട്രൈബ്യൂണലിന്‍റെ അന്തിമ ഉത്തരവിന് ഇനിയും കാത്തിരിക്കണം. അനുബന്ധ കേസുകൾ സുപ്രീം കോടതിയിലും ഹൈക്കോടതിയിലുമുണ്ട്. അതിനാൽ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിൽ അസ്വഭാവിക ഇല്ല. കോടതിയിൽ കേസ് തുടരുന്നതിനാൽ സംസ്ഥാന സർക്കാർ ഇടപെടൽ നിയമവിരുദ്ധമാകുമെന്നും ഇടപെടാൻ സ്വാതന്ത്ര്യമുണ്ടെന്ന ധാരണയിലാകും മുഖ്യമന്ത്രി നേരത്തെ പത്ത് മിനിറ്റ് പരിഹാരം പറഞ്ഞതെന്നും എന്നാൽ അത് അങ്ങനെ അല്ലെന്ന് ജുഡീഷ്യൽ കമ്മീഷന്‍ വ്യക്തമാക്കി.
