തിരുവനന്തപുരം: പിണറായി വിജയൻ പ്രതിപക്ഷനേതാവ് ആകരുതായിരുന്നെന്ന് കവി കെ. സച്ചിദാനന്ദൻ. പ്രതിപക്ഷനേതാവ് തിരഞ്ഞെടുപ്പിൽ തെറ്റുപറ്റി. പിണറായി പ്രതിപക്ഷനേതാവാകുമെന്ന് കരുതിയിരുന്നില്ല. കൂടുതൽ ഊർജസ്വലനായ, അല്ലെങ്കിൽ ഊർജസ്വലയായ ഒരാളെ കണ്ടെത്തേണ്ടിയിരുന്നില്ലേ എന്നൊരു ചോദ്യം എല്ലാവരെയുംപോലെ എനിക്കുമുണ്ട്. മുഖ്യമന്ത്രിയായിരുന്നയാൾ പ്രതിപക്ഷനേതാവാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ കഴിയുന്ന, കമ്യൂണിസ്റ്റ് ഭൂതകാലം മാത്രമല്ല, കമ്യൂണിസ്റ്റ് വർത്തമാനവും ഭാവിയുമുള്ള ഒരാളായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും സച്ചിദാനന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇടതുപക്ഷത്തെ തോൽപ്പിച്ചത് ഇടതുപക്ഷമാണ്. സാധാരണ ജനങ്ങളെ അവർ കൈവിട്ടു. സൈബർ ഇടങ്ങളിൽ അധിക്ഷേപവും അശ്ലീലവും പറയുന്നവർക്ക് ഇടതുതോൽവിയിൽ ചെറുതല്ലാത്ത പങ്കുണ്ടെന്നും സച്ചിദാനന്ദൻ പറഞ്ഞു. പിണറായിയുടെ അധികപരസ്യം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി. കോവിഡ്കാലത്തൊക്കെ രക്ഷിച്ച മന്ത്രിമാർ ഉണ്ടായിരുന്നിട്ടും പിണറായിയെ മാത്രം ഉയർത്തിക്കാട്ടി. ആളുകൾ ഇതെല്ലാം കാണുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പിണറായിയെ തെരഞ്ഞെടുത്തതിൽ തെറ്റുപറ്റി
