ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ദീർഘകാല സഖ്യകക്ഷിയായ ഡിഎംകെയുമായുള്ള ബന്ധം ഉപേക്ഷിക്കുകയും വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത കോൺഗ്രസിന്റെ അപ്രതീക്ഷിത നീക്കത്തിൽ രൂക്ഷ വിമർശവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. മമത ബാനർജിക്കും എം.കെ. സ്റ്റാലിനുമൊപ്പമുള്ള ചിത്രം എക്‌സിൽ പങ്കുവെച്ച അദ്ദേഹം, ‘പ്രതിസന്ധി ഘട്ടങ്ങളിൽ പരസ്പരം കൈവിടുന്നവരല്ല ഞങ്ങൾ’ എന്ന് കുറിച്ചത് കോൺഗ്രസിനുള്ള സന്ദേശമായാണ് വിലയിരുത്തുന്നത്. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ ഇന്ത്യ സഖ്യത്തിന്റെ നിലനിൽപ്പിനെ തന്നെ ഇപ്പോൾ ചോദ്യചിഹ്നത്തിലാക്കിയിരിക്കുകയാണ്.
വിഷയത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച ഡിഎംകെ, ദേശീയ തലത്തിലുള്ള ഇന്ത്യ സഖ്യം അവസാനിച്ചതായി പ്രഖ്യാപിച്ചു. സ്റ്റാലിന്റെ നേതൃത്വത്തിൽ ചേർന്ന ഡിഎംകെ എംഎൽഎമാരുടെ യോഗത്തിൽ കോൺഗ്രസിന്റെ നിലപാടിനെ ശക്തമായി അപലപിച്ചുകൊണ്ട് നാല് പ്രമേയങ്ങൾ പാസാക്കി.
