കുവൈത്ത് സിറ്റി: പൗരന്മാരുടെയും പ്രവാസികളുടെയും ഒപ്പുകൾ ദുരുപയോഗം ചെയ്ത് കോടതികളിൽ വ്യാജ സാമ്പത്തിക കേസുകൾ ഫയൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച വിദേശ ക്രിമിനൽ സംഘം കുവൈത്തിൽ പിടിയിൽ. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെന്റിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ക്രിമിനൽ സംഘത്തെ പിടികൂടിയത്.ഒരു പൗരൻ നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. തനിക്ക് പരാതിക്കാരനുമായി യാതൊരു സാമ്പത്തിക ഇടപാടോ പരിചയമോ ഇല്ലാതിരുന്നിട്ടും തനിക്കെതിരെ പണം നൽകാൻ കോടതി വിധി വന്നതായി പരാതിയിൽ വ്യക്തമാക്കിയിരുന്നു.അന്വേഷണത്തിൽ പ്രധാന പ്രതി മുൻപ് ജോലി ചെയ്തിരുന്ന വാഹന വാടക കമ്പനിയിലെ അനുഭവം ഉപയോഗപ്പെടുത്തി വാടക നടപടികളുടെ ഭാഗമാണെന്ന് പറഞ്ഞ് പൗരന്മാരുടെയും പ്രവാസികളുടെയും ഒഴിഞ്ഞ പ്രോമിസറി നോട്ടുകളിലും രേഖകളിലും ഒപ്പുകൾ വാങ്ങിയതായി കണ്ടെത്തി. പിന്നീട് ഈ രേഖകൾ കൈവശം സൂക്ഷിച്ച ശേഷം രാജ്യം വിട്ട പ്രതി അവ ഉപയോഗിച്ച് വ്യാജ സാമ്പത്തിക അവകാശവാദങ്ങൾ തയ്യാറാക്കി കോടതികളിൽ സമർപ്പിക്കുകയായിരുന്നു
പൗരന്മാരുടെയും പ്രവാസികളുടെയും ഒപ്പുകൾ ദുരുപയോഗം ചെയ്ത് കോടതികളിൽ നിന്ന് പണം തട്ടാൻ ശ്രമം
