തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ബിനീഷ് കോടിയേരിയിലേക്കും അന്വേഷണം. ബിനീഷ് കോടിയേരിയുടെ ഫോൺവിളി വിവരങ്ങൾ ശേഖരിച്ചു. പ്രതികളായ 25 പേരുമായി ബിനീഷ് ആശയവിനിമിയം നടത്തിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. അക്രമദിവസത്തെ വിവരങ്ങളാണ് പ്രത്യേക അന്വേഷണസംഘം ശേഖരിച്ചത്.
പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടന്ന ദിവസം ഇ.ഡി ഉദ്യോഗസ്ഥരെ തിരുവനന്തപുരത്ത് ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ 25 പ്രതികളാണുള്ളത്. ആക്രമണത്തിൽ ഇവരുടെ പങ്കും തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണത്തിലാണ് പോലീസ് ഇപ്പോഴുള്ളത്. അതിന്റെ ഭാഗമായാണ് ബിനീഷ് കോടിയേരിയിലേക്കും അന്വേഷണം നീളുന്നത്. ഇ.ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട ദിവസം ബിനീഷ് കോടിയേരിയുടെ ഫോണിൽ നിന്ന് 25 പ്രതികളുമായി ആശയവിനിമയം നടന്നിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കും.
ഇ.ഡി ഉദ്യോഗസ്ഥർ പിണറായി വിജയന്റെ വീട്ടിൽ എത്തിയ ദിവസം ബിനീഷ് കോടിയേരി സംഭവസ്ഥലത്ത് എത്തുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. എന്നാൽ അക്രമത്തിൽ നേരിട്ട് പങ്കെടുത്തില്ല. എന്നാൽ ഗൂഢാലോചനയിൽ ഉന്നത നേതാക്കൾക്ക് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. അതിനാലാണ് സംഭവസ്ഥലത്തുണ്ടായിരുന്നവരുടെ ഫോൺ വിവരങ്ങൾ പരിശോധിക്കുന്നത്. ഇവരുടെ മൊഴിയും രേഖപ്പെടുത്തും.
