ഡൽഹി: സിബിഎസ്ഇ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന തീയതിയിൽ മാറ്റം. പുതിയ അറിയിപ്പ് പ്രകാരം ജൂൺ ഒന്നു മുതൽ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഈ മാസം 26 മുതൽ 29 വരെ പുനർമൂല്യനിർണ്ണയത്തിന് അപേക്ഷ നൽകാമെന്നായിരുന്നു സിബിഎസ്ഇ ആദ്യം വ്യക്തമാക്കിയിരുന്നത്. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് തീയതി നീട്ടി നിശ്ചയിച്ചതെന്ന് സിബിഎസ്ഇ അറിയിച്ചു. പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കാനായുള്ള ഔദ്യോഗിക വെബ്‌സൈറ്റിന്റെ പ്രവർത്തനം ജൂൺ ഒന്നു മുതൽ ആരംഭിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി.
അതേസമയം സിബിഎസ്ഇ പരീക്ഷ നടത്തിപ്പിൽ വീഴ്ച്ച വരുത്തിയ കോംപ്റ്റ് (COEMPT) കമ്പനിക്ക് പിഴ ചുമത്താൻ തീരുമാനിച്ചു. OSM സംവിധാനം നടപ്പാക്കുന്നതിൽ വരുത്തിയ വീഴ്ച്ചയിലാണ് നടപടി. പിഴവ് കേന്ദ്രമന്ത്രി സമ്മതിച്ചതോടെ ഗ്രേസ് മാർക്ക് ആവശ്യം ശക്തമാക്കുകയാണ് വിദ്യാർത്ഥികൾ. ഇതിനിടെ OSM സംവിധാനത്തെ പുകഴ്ത്തുന്ന രീതിയിൽ റീലുകളും വീഡിയോകളും പോസ്റ്റ് ചെയ്യാൻ സ്കൂളുകൾക്ക് സിബിഎസ്ഇ അധികൃതർ നിർദ്ദേശം നൽകിയതിൽ വിമർശനം ശക്തമായിട്ടുണ്ട്.
ഓൺ സ്ക്രീൻ മാർക്കിംഗ് സംവിധാനം നടപ്പാക്കുന്നതിന് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോംപ്റ്റ് എജ്യുടെക് പ്രൈവറ്റ് ലിമിറ്റഡിനാണ്. എന്നാൽ ഇതിന്റെ നടത്തിപ്പിൽ വ്യാപകമായ പിഴവാണ് ഉണ്ടായത്. ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത പകർപ്പുകളെക്കുറിച്ചും പരാതികളുണ്ട്. വ്യക്തതയില്ലാതെ സ്കാൻ ചെയ്ത 5000 ഉത്തരകടലാസുകൾ ഇതുവരെ സിബിഎസ്ഇ കണ്ടെത്തിയത്. തെറ്റായ ഉത്തരപേപ്പറുകൾ മാറ്റി 23 വിദ്യാർത്ഥികൾക്ക് അവരുടെ ഉത്തരകടലാസുകൾ നൽകി. കമ്പനിയുടെ വീഴ്ച്ച കാരണം ഈ വർഷത്തെ പരീക്ഷാഫലം തന്നെ തകിടം മറിഞ്ഞതോടെയാണ് ഇവർക്കെതിരെ പിഴ ചുമത്താനുള്ള നീക്കം.
