സെന്‍സസ്; കോട്ടയം ജില്ലയില്‍ തയ്യാറെടുപ്പുകള്‍ സജീവം

തിരുവനന്തപുരം: സെന്‍സസ് -2027ന്‍റെ ആദ്യഘട്ടമായ സെല്‍ഫ് എന്യുമറേഷന്‍ ജൂണ്‍ 16ന് ആരംഭിക്കാനിരിക്കെ കോട്ടയം ജില്ലയില്‍ തയ്യാറെടുപ്പുകള്‍ സജീവമായി. വിവര ശേഖരണത്തിനായി ഭവന സന്ദര്‍ശനം നടത്തുന്ന എന്യുമറേറ്റര്‍മാര്‍ക്കും ഇവരുടെ മേല്‍നോട്ടം നിര്‍വഹിക്കുന്ന സൂപ്പര്‍ വൈസര്‍മാര്‍ക്കുമുള്ള പരിശീലനം ജൂണ്‍ 4ന് ആരംഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അറിയിച്ചു.

നേരത്തെ പരിശീലനം നേടിയ ഫീല്‍ഡ് ട്രെയിനര്‍മാരാണ് ഈ മാസം 23 വരെ എന്യുമറേറ്റര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും പരിശീലനം നല്‍കുന്നത്. ടെക്നിക്കല്‍ അസിസ്റ്റന്‍റുമാര്‍-16 ഫീല്‍ഡ് ട്രെയിനര്‍മാര്‍-66, സൂപ്പര്‍വൈസര്‍മാര്‍-595, എന്യുമറേറ്റര്‍മാര്‍- 3466 എന്നിങ്ങനെയാണ് ജില്ലയില്‍ സെന്‍സസിനായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരുടെ എണ്ണം. റിസര്‍വ് ഉദ്യോഗസ്ഥരും ഇതില്‍ ഉള്‍പ്പെടും.

സെന്‍സസില്‍ നല്‍കേണ്ട വിവരങ്ങള്‍ കുടുംബങ്ങള്‍ സ്വന്തമായി നേരിട്ട് ഓണ്‍ലൈനില്‍ രേഖപ്പെടുത്തുന്ന നടപടിയാണ് സെല്‍ഫ് എന്യുമറേഷന്‍. https://se.census.gov.in/ എന്ന പോര്‍ട്ടലില്‍ ജൂണ്‍ 16 മുതല്‍ 30 വരെ ഇതിന് സൗകര്യമുണ്ട്.

സെന്‍സസ് നടപടികള്‍ക്ക് വേഗം കൂട്ടുന്നതിനും എന്യുമറേറ്റര്‍മാരുടെ ജോലി ലഘൂകരിക്കുന്നതിനും വിവരങ്ങള്‍ കൃത്യമെന്ന് ഉറപ്പാക്കുന്നതിനും സെല്‍ഫ് എന്യുമേറഷന്‍ സഹായകമാകും. വീടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാത്രമാണ് സെല്‍ഫ് എന്യൂമറേഷനിലൂടെ നല്‍കാന്‍ കഴിയുക. 34 ചോദ്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഇംഗ്ലീഷിലും 15 ഇന്ത്യന്‍ ഭാഷകളിലും വിവരങ്ങള്‍ രേഖപ്പെടുത്താനാകും.

സെല്‍ഫ് എന്യുമറേഷന്‍ പൂര്‍ത്തിയായിക്കഴിയുമ്പോള്‍ ഇമെയിലില്‍ കണ്‍ഫര്‍മേഷന്‍ സന്ദേശം ലഭിക്കും. ഇതോടൊപ്പം 11 അക്ക സെല്‍ഫ് എന്യുമറേഷന്‍ ഐഡിയും(എസ്.ഇ. ഐഡി) ഉണ്ടാകും.

സെല്‍ഫ് എന്യുമറേഷന്‍ നിര്‍ബന്ധമായും ചെയ്യേണ്ടതല്ല. സെല്‍ഫ് എന്യുമറേഷന്‍ ചെയ്ത വീടുകളിലും എന്യുമറേറ്റര്‍മാര്‍ സന്ദര്‍ശനം നടത്തും. ഇമെയിലില്‍ ലഭിച്ച എസ്.ഇ. ഐഡി അപ്പോള്‍ അവര്‍ക്ക് കൈമാറണം. കുടുംബം നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കി ആവശ്യമെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ചേര്‍ത്തശേഷം എന്യുമറേറ്റര്‍ ഡാറ്റ അപ് ലോഡ് ചെയ്യും.

ഒരു ലോഗിനില്‍തന്നെ ഒരേ വീട്ടിലുള്ള എല്ലാവരുടെയും വിവരങ്ങള്‍ നല്‍കാം. സെല്‍ എന്യുമറേഷന്‍ ഇടയ്ക്കുവച്ച് നിര്‍ത്തേണ്ടിവന്നാല്‍ സേവ് ചെയ്തശേഷം പിന്നീട് നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനുമാകും. സെല്‍ഫ് എന്യുമറേഷന്‍ നടത്തുമ്പോള്‍ സഹായത്തിന് പോര്‍ട്ടലില്‍ ടൂള്‍ ടിപ്പുകളുമുണ്ടാകും.

സെന്‍സിന്‍റെ ഭാഗമായി നല്‍കുന്ന വിവരങ്ങളുടെ രഹസ്യാത്മകത ഉറപ്പാക്കിയിട്ടുണ്ട്. സുരക്ഷിത സെര്‍വറുകളില്‍ എന്‍ക്രിപ്റ്റഡ് ഫോര്‍മാറ്റില്‍ സൂക്ഷിക്കുന്ന ഈ ഡാറ്റ കൈമാറ്റം ചെയ്യുന്നതല്ലെന്ന് രജിസ്ട്രാര്‍ ജനറല്‍ ആന്‍റ് സെന്‍സസ് കമ്മീഷണറുടെ കാര്യാലയം അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *