ഇന്ധന വില വർധനവിൽ ന്യായീകരിച്ച് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായി ഉണ്ടാകുന്ന ഇന്ധന വില വർധനയിൽ ന്യായീകരണവുമായി പെട്രോളിയം മന്ത്രാലയം. അയൽ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ധന വില കുറവ് ഇന്ത്യയിലാണെന്ന് പെട്രോളിയം മന്ത്രാലയം ന്യായീകരിച്ചു. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ വലിയ രീതിയിലുള്ള വിലക്കയറ്റം ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയിലെ സാധാരണക്കാരായ ഉപഭോക്താക്കളെ ഇതിന്റെ പൂർണ്ണമായ ആഘാതത്തിൽ നിന്ന് സംരക്ഷിക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രാലയം അവകാശപ്പെടുന്നു. ഉപഭോക്താക്കൾക്ക് സബ്സിഡി പരിരക്ഷ തുടരുമെന്നും നിലവിൽ രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിൽ ഒരു സിലിണ്ടറിന് ഈടാക്കുന്ന തുകയേക്കാൾ ഉയർന്ന നിരക്കാണ് പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ സമീപ രാജ്യങ്ങളിൽ നിലവിലുള്ളതെന്നും മന്ത്രാലയം ചൂണ്ടിക്കാണിച്ചു. ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, പെട്രോൾ, ഡീസൽ എന്നിവയുടെ രാജ്യത്തെ സംഭരണവും വിതരണ ശൃംഖലയും പൂർണ്ണമായും തൃപ്തികരമാണ്. ആഗോളതലത്തിൽ വിതരണ തടസ്സങ്ങൾ നേരിടുന്നുണ്ടെങ്കിലും ഇന്ത്യയിലെ ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ ഇന്ധനശേഖരം ലഭ്യമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *