തിരുവനന്തപുരം: മരടിൽ സി.പി.എം. പ്രവർത്തകർ നശിപ്പിച്ചശേഷം അവരുടെതന്നെ ചെലവിൽ പുനഃസ്ഥാപിച്ച മുഖ്യമന്ത്രിയുടെ ഫ്ലെക്സ് ബോർഡ് നഗരസഭാ സെക്രട്ടറി ഇടപെട്ട് നീക്കി. തിങ്കളാഴ്ച രാവിലെയാണിത് നീക്കിയത്. പൊതുസ്ഥലങ്ങളിലെ ഫ്ലെക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബോർഡ് നീക്കംചെയ്തതെന്ന് നഗരസഭാ സെക്രട്ടറി ഇ. നാസിം പറഞ്ഞു. മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യം അർപ്പിച്ച് കൊട്ടാരം ജങ്ഷനിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി സ്ഥാപിച്ചിരുന്ന ‘കേരളത്തിന്റെ ജനപക്ഷ മുഖ്യമന്ത്രിക്ക് സ്നേഹാഭിവാദ്യങ്ങൾ’ എന്നെഴുതിയ മുഖ്യമന്ത്രിയുടെ ചിത്രമടങ്ങിയ ഫ്ലെക്സ് ബോർഡാണ് സി.പി.എം. പ്രവർത്തകർ നശിപ്പിച്ചത്. പിണറായി വിജയന്റെ വീട്ടിലെ ഇ.ഡി. പരിശോധനയിൽ പ്രതിഷേധിച്ച് മേയ് 27-ന് സി.പി.എം. നടത്തിയ പ്രകടനത്തിനിടെയാണിത്. നശിപ്പിച്ചത്.സംഭവത്തിൽ ലോക്കൽ സെക്രട്ടറിയടക്കം 10 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി മരട് പോലീസ് കേസെടുത്തതോടെ ഇവർ ഒളിവിൽ പോയി. തുടർന്നു നടന്ന സമവായ ചർച്ചയിലെ ധാരണ പ്രകാരമാണ് സി.പി.എമ്മിന്റെ ചെലവിൽ ബോർഡ് പുനഃസ്ഥാപിച്ചത്.
മുഖ്യമന്ത്രിയുടെ ഫ്ളക്സ് നീക്കം ചെയ്തു
