ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കോക്രോച്ച് ജനത ജനതാ പാര്‍ട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ. ചോദ്യപേപ്പർ ചോർച്ചക്കിടെ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചത്. ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. വിദ്യാഭ്യാസ സമ്പ്രദായത്തിലെ പരാജയങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാനെ പുറത്താക്കണമെന്നും തുറന്ന കത്തിൽ സിജെപി സ്ഥാപകൻ ആവശ്യപ്പെട്ടു.
പല മാതാപിതാക്കളും മക്കളുടെ വിദ്യാഭ്യാസത്തിനായി ലോണുകളെടുത്തിരുന്നതടക്കം കത്തില്‍ അഭിജീത്ത് പരാമര്‍ശിക്കുന്നുണ്ട്.
‘ഭാരമേറിയ ഹൃദയവുമായാണ് ഈ കത്തെഴുതുന്നത്, നമ്മുടെ രാജ്യത്തിന്റെ ഭാവിയ്ക്ക് തന്നെ ഭീഷണിയാവുന്ന ഉയര്‍ന്നുവരുന്ന വലിയ പ്രതിസന്ധിയിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്, അത് നമ്മുടെ യുവാക്കളായ വിദ്യാര്‍ഥികളുടെ ജീവിതവും മാനസിക ക്ഷേമവുമാണ്’, കത്തില്‍ ദീപ്‌കേ പറയുന്നു. എല്ലാ സമ്പാദ്യങ്ങളും ചെലവഴിച്ച്, വിദ്യാഭ്യാസം നല്‍കി വളര്‍ത്തിക്കൊണ്ടു വന്ന കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട മാതാപിതാക്കള്‍ മുഴുവനായി തകര്‍ന്നിരിക്കുകയാണ്. അവര്‍ക്ക് ഒരു കോടി രൂപയുടെ പാക്കേജ് നഷ്ടപരിഹാരമായി നല്‍കണമെന്നാണ് അദ്ദേഹം കത്തില്‍ പറയുന്നത്.
പോയ ആഴ്ചകളിൽ 11 വിദ്യാര്‍ഥികളാണ് ജീവനൊടുക്കിയത്. കഴിഞ്ഞ 48മണിക്കൂറില്‍ അഞ്ച് വിദ്യാര്‍ഥികളാണ് മരിച്ചത്. വരാനിരിക്കുന്ന പുനഃപരീക്ഷയിലെ അനിശ്ചിതത്വത്തെ കുറിച്ചുള്ള ആശങ്ക കുട്ടികളില്‍ തീവ്രമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
