തിരുത്തലിന് അംഗീകാരം; സിപിഎം സംസ്ഥാനസമിതി ഒറ്റദിവസം കൊണ്ട് അവസാനിപ്പിച്ചു

തിരുവനന്തപുരം : രണ്ടുദിവസത്തേക്ക് നിശ്ചയിച്ച സി.പി.എം. സംസ്ഥാന സമിതി യോഗം ഒരു ദിവസംകൊണ്ട് അവസാനിപ്പിച്ചു. കേന്ദ്രകമ്മിറ്റി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതായിരുന്നു പ്രധാന അജൻഡ. തിരഞ്ഞെടുപ്പ് തോൽവിക്ക് ഉത്തരവാദികളുണ്ടെന്നും സംസ്ഥാന നേതൃത്വത്തിനാണ് വീഴ്ചപറ്റിയതെന്നുമുള്ള കേന്ദ്രകമ്മിറ്റിയുടെ ‘തിരുത്ത്’ സംസ്ഥാന കമ്മിറ്റി പൂർണമായി അംഗീകരിച്ചു.

സംസ്ഥാന കമ്മിറ്റി നേരത്തേ തയ്യാറാക്കിയ തിരഞ്ഞെടുപ്പ് അവലോകനത്തിലെ നാല് കാര്യങ്ങളിലാണ് കേന്ദ്രകമ്മിറ്റിയുടെ തിരുത്തലുണ്ടായത്. വെള്ളാപ്പള്ളിയുടെ വർഗീയപരാമർശത്തെ ശക്തമായി എതിർത്തില്ലെന്നതിൽ, ചില നേതാക്കൾ വെള്ളാപ്പള്ളിയെ അനുകൂലിക്കുന്ന പരാമർശംകൂടി നടത്തി എന്ന് കൂട്ടിച്ചേർത്തു. ആഗോള അയ്യപ്പസംഗമം നടത്തിയതിൽ തെറ്റായ പ്രചാരണം ഉണ്ടായെന്നതിനൊപ്പം, പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗമായ മന്ത്രി യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് ഉൾപ്പെടുത്തി.

തളിപ്പറമ്പിലെ സ്ഥാനാർഥിയെ നിശ്ചയിച്ചതിൽ ജില്ലാകമ്മിറ്റിക്ക് വീഴ്ചപറ്റിയെന്നതിൽ, സംസ്ഥാന നേതാക്കളിൽ ഉത്തരവാദിത്തപ്പെട്ടവർ അത് തിരുത്താൻ തയ്യാറായില്ലെന്ന് കൂട്ടിച്ചേർത്തു. പി.എം.ശ്രീയിൽ സി.പി.ഐ. ഉയർത്തിയ വിമർശനം തെറ്റായ പ്രചാരണത്തിന് വഴിവെച്ചെന്ന സംസ്ഥാനത്തിന്റെ വിലയിരുത്തലിൽ, കൂട്ടായചർച്ചയില്ലാത്തതും ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കാത്തതുമാണ് പ്രശ്നമായത് എന്ന് ഉൾപ്പെടുത്തി. ഇതെല്ലാം സംസ്ഥാന കമ്മിറ്റി എതിർപ്പില്ലാതെ അംഗീകരിച്ചു. തിരുത്തൽ നടപടിക്ക് വിശാല സംസ്ഥാന കമ്മിറ്റി സെപ്റ്റംബർ 13 മുതൽ 15 വരെ കോഴിക്കോട് ചേരാനും യോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *