ന്യൂഡൽഹി: ചിക്കുൻഗുനിയ വൈറസിനെതിരെ പ്രവർത്തിക്കുന്ന ആന്റിവൈറൽ ഘടകങ്ങൾ ഗോമൂത്രത്തിൽ അടങ്ങിയിട്ടുണ്ടെന്ന് ഐഐടി റൂർക്കീ പഠനം. എസിഎസ് അഗ്രികൾച്ചറൽ സയൻസ് & ടെക്നോളജി എന്ന ജേണലിലാണ് ഇതുസംബന്ധിച്ച ഗവേഷണം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഐഐടി റൂർക്കിയിലെ ബയോസയൻസസ് ആൻഡ് ബയോഎഞ്ചിനീയറിംഗ് വിഭാഗത്തിലെ പ്രൊഫ. ശൈലി തോമറും സംഘവും ചേർന്നാണ് പഠനം നടത്തിയത്. ഇന്ത്യയിലെ പ്രമുഖ ആയുർവേദ, ബയോമെഡിക്കൽ സ്ഥാപനങ്ങളിലെ ഗവേഷകരുമായി സഹകരിച്ചാണ് പഠനം നടത്തിയത്.
ശുദ്ധീകരിച്ച ഗോമൂത്രം കൊണ്ടുള്ള ചിക്കുൻഗുനിയ ചികിത്സയ്ക്കുശേഷം വൈറസിന്റെ അളവ് തൊണ്ണൂറുശതമാനമായി കുറഞ്ഞതായി പഠനത്തിൽ കണ്ടെത്തി. വൈറസിനെതിരെ പ്രവർത്തിക്കുന്ന സംയുക്തങ്ങളെ തിരിച്ചറിയാൻ വൈറോളജി, മെറ്റാബോലോമിക്സ്, മോളിക്യുലർ ഡോക്കിംഗ്, ബയോകെമിക്കൽ വിശകലനം എന്നിവ സംയോജിപ്പിച്ചാണ് പഠനം നടത്തിയത്. ഗോമൂത്രത്തിൽ അടങ്ങിയ ബെൻസോയിക് ആസിഡ്, ഹിപ്യൂരിക് ആസിഡ്, ഒലെയിക് ആസിഡ് എന്നിവ ആൻറിവൈറൽ പ്രവർത്തനങ്ങളിൽ കാര്യമായ പങ്കുവഹിക്കുന്നതായി കണ്ടെത്തി.
