എൻഡോമെട്രിയോസിസുമായുള്ള പോരാട്ടത്തേക്കുറിച്ചു തുറന്നുപറഞ്ഞ് മിസ് വേൾഡ് സൗത്ത് ആഫ്രിക്ക റൊമാൻഡ ഹോംബിർ. ഈ രോഗാവസ്ഥയാണ് തന്റെ ബ്യൂട്ടി വിത് പർപസ് പ്രൊജക്റ്റിനു പ്രചോദനമായതെന്നും ഇരുപത്തിയേഴുകാരിയും ക്ലിനിക്കൽ ഓഡിയോളജിസ്റ്റുമായ റൊമാൻഡ പറഞ്ഞു.
വർഷങ്ങളോളം വേദനയിലൂടെയാണ് കടന്നുപോയതെന്നും തന്റേത് വൈകിയുള്ള രോഗനിർണയം ആയതുകൊണ്ടാണ് ഇതേക്കുറിച്ച് പരമാവധി അവബോധം പകരാൻ തീരുമാനിച്ചതെന്നും റൊമാൻഡ പറയുന്നു. എൻഡോമെട്രിയോസിസ്, പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS), ഫൈബ്രോയിഡ്സ് തുടങ്ങിയ അവസ്ഥകളെക്കുറിച്ച് കൂടുതൽ പേരിലേക്ക് എത്തിക്കേണ്ടതുണ്ടെന്ന് തന്റെ ആരോഗ്യാവസ്ഥയിലൂടെ തിരിച്ചറിഞ്ഞു. ദശലക്ഷക്കണക്കിന് സ്ത്രീകളെ ബാധിച്ചിട്ടും ഈ അവസ്ഥകളെക്കുറിച്ച് പലപ്പോഴും തെറ്റിദ്ധാരണകളുണ്ട്. നേരത്തെയുള്ള രോഗനിർണയം പ്രോത്സാഹിപ്പിക്കുക, പ്രത്യുത്പാദന ആരോഗ്യത്തിനു പ്രാധാന്യം നൽകുക, പിന്നോക്കം നിൽക്കുന്ന സമൂഹങ്ങൾക്ക് ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുക തുടങ്ങിയവ തന്റെ ലക്ഷ്യമാണെന്നും റൊമാൻഡ പറയുന്നു. ഭയമോ നാണക്കേടോ കൂടാതെ എൻഡോമെട്രിയോസിസിനു വൈദ്യസഹായം തേടാൻ സ്ത്രീകൾ മുന്നോട്ടുവരണമെന്നും റെോമാൻഡ പറഞ്ഞു. 2026-ലെ മിസ് വേൾഡ് സൗത്ത് ആഫ്രിക്കയാണ് റോമാൻഡ ഹോംബിർ. 2026 ഓഗസ്റ്റ് 9 മുതൽ സെപ്റ്റംബർ 5 വരെ വിയറ്റ്നാമിൽ നടക്കുന്ന 75-ാമത് മിസ് വേൾഡ് ഫെസ്റ്റിവലിൽ സൗത് ആഫ്രിക്കയെ പ്രതിനിധീകരിച്ചു പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് റൊമാൻഡ.
