ഡൽഹി : ഇന്ത്യന്‍ വനിതാ ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകസ്ഥാനത്തേക്ക് സ്മൃതി മന്ദാനയെ കൊണ്ടുവരാന്‍ സമയമായെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ്. ഹര്‍മന്‍പ്രീത് കൗറിന് ശേഷം സ്മൃതിക്ക് ഈ ചുമതല നല്‍കണമെന്നും, കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ അവര്‍ക്ക് ഈ പദവി ലഭിക്കേണ്ടതായിരുന്നുവെന്നും മിതാലി അഭിപ്രായപ്പെട്ടു. ടി20 ലോകകപ്പില്‍ നിന്നുള്ള ഇന്ത്യയുടെ പുറത്താകലിന് പിന്നാലെ പിടിഐയോട് സംസാരിക്കുകയായിരുന്നു മിതാലി. തുടര്‍ച്ചയായ രണ്ടാം തവണയും ടി20 ലോകകപ്പിന്റെ സെമിഫൈനലില്‍ കടക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നില്ല.
കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പില്‍ ടീമിനെ ചരിത്രവിജയത്തിലേക്ക് നയിച്ചെങ്കിലും, ഹര്‍മന്‍പ്രീതിന്റെ നായകത്വത്തിന് മേല്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. എന്നാല്‍, ഒരു ടൂര്‍ണമെന്റിലെ പരാജയം കൊണ്ട് മാത്രം നായകനെ മാറ്റേണ്ടതില്ലെന്ന് മിതാലി വ്യക്തമാക്കി. പകരം ടീം മാനേജ്മെന്റ് പരിശോധിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ഹര്‍മന്‍പ്രീതിന്റെ ഫിറ്റ്‌നസ് സംബന്ധമായ പ്രശ്‌നങ്ങളാണ് മിതാലി പ്രധാനമായും ഉയര്‍ത്തിക്കാട്ടിയത്. ”കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷമായി ഓരോ മത്സരത്തിലും ഹര്‍മന്‍പ്രീതിനെ ചികിത്സിക്കാന്‍ ഫിസിയോയെ ആവശ്യമായി വരുന്നുണ്ട്. പല മത്സരങ്ങളിലും അവര്‍ക്ക് കളിക്കാനും സാധിച്ചില്ല. ഒരു ക്യാപ്റ്റന്‍ എപ്പോഴും ഫിറ്റായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മള്‍ എല്ലാവരും. നിര്‍ഭാഗ്യവശാല്‍ പ്രായം കൂടുന്നത് അനുസരിച്ച് ഫിറ്റ്‌നസ് നിലനിര്‍ത്തുക ബുദ്ധിമുട്ടാണ്.” മിതാലി പറഞ്ഞു.
