ജിദ്ദ: യാമ്പുവിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് അനുമതിയില്ലാതെ കടലിൽ മീൻപിടിച്ച രണ്ട് പ്രവാസികളെ ബോർഡർ ഗാർഡ് കോസ്റ്റൽ പട്രോളിങ് സംഘം അറസ്റ്റ് ചെയിതു. ഫിലിപ്പീൻസ്, പാകിസ്താൻ സ്വദേശികളാണ് പിടിയിലായത്. സൗദി അറേബ്യയുടെ സമുദ്രമേഖലകളിൽ, സമുദ്രവിനോദങ്ങളിലും പ്രവർത്തനങ്ങളിലും ഏർപ്പെടുന്നവർ പാലിക്കേണ്ട സുരക്ഷാ ചട്ടങ്ങൾ ഇവർ ലംഘിച്ചതായി അധികൃതർ പറഞ്ഞു. യാതൊരുവിധ ഔദ്യോഗിക പെർമിറ്റുമില്ലാതെയാണ് ഇവർ മീൻപിടിത്തം നടത്തിയത്. ഇവരുടെ പക്കൽ നിന്ന് മത്സ്യങ്ങളും കോസ്റ്റ് ഗാർഡ് കണ്ടെടുത്തു.
പ്രതികൾക്കെതിരെ ബന്ധപ്പെട്ട മറ്റ് വകുപ്പുകളുമായി ഏകോപിപ്പിച്ച് ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. രാജ്യത്തെ ജലവിഭവ സംരക്ഷണ നിയമങ്ങൾ കർശനമായി പാലിക്കാൻ അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. നിയമലംഘനങ്ങൾ തടയുന്നതിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
