ഗാർഹിക സോളർ വൈദ്യുതിക്ക് എഐ ‘നിയന്ത്രണം

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഗാർഹിക സോളർ പാനലുകളുടെ ആധിക്യം കാരണമുള്ള ഗ്രിഡ് അസ്ഥിരത നിയന്ത്രിക്കുന്നതിന് നിർമിത ബുദ്ധി സംവിധാനവുമായി കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്. ഗാർഹിക സോളർ പാനലുകളുടെ ആധിക്യം കാരണം ഗ്രിഡ് സ്ഥിരത നഷ്ടമാകുകയും ഇൻവെർട്ടർറുകളും ട്രാൻസ്ഫോമറുകളും തകരാറിലാകുന്നതു തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി, യുഎസിലെ സ്റ്റാൻഫഡ് സർവകലാശാല പൂർവ വിദ്യാർഥികൾ സ്ഥാപിച്ച ക്ലീൻ എനർജി അനലിറ്റിക്സ് സ്റ്റാർട്ടപ്പായ ‘പ്രവാഹു’മായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
അപകടകരമായ വോൾട്ടേജ് വർധന ഏതൊക്കെ സ്ട്രീറ്റ് ലവൽ ഫീഡർ ലൈനുകളിലും ട്രാൻസ്ഫോമറുകളിലും എപ്പോൾ ഉണ്ടാകുന്നുവെന്ന് എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെത്തി മുന്നറിയിപ്പു നൽകുന്ന സംവിധാനമാണ് പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിക്കുന്നത്. ഓരോ പ്രദേശത്തും സുരക്ഷിതമായി എത്ര സോളർ പാനലുകൾ കൂടി ഉൾക്കൊള്ളാനാകുമെന്നും ഇതുവഴി കണ്ടെത്തും. ഗ്രിഡിനു യഥാർഥത്തിൽ അപകടസാധ്യതയുള്ള സ്ഥലങ്ങൾ മാത്രം കണ്ടെത്തി നിയന്ത്രണം ഏർപ്പെടുത്താൻ ഇതു കെഎസ്ഇബിയെ സഹായിക്കുമെന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *