മുംബൈ: മഹാരാഷ്ട്രയിൽ കാലാവധി തീർന്ന ആപ്പി ഫിസ്, ഫ്രൂട്ടി തുടങ്ങിയ പാനീയങ്ങൾ വിൽപ്പനയ്ക്ക് വെച്ചതിന് വിവിധ വെയർഹൗസുകൾക്ക് തടയിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്. മുംബൈയിലെ ചെമ്പൂർ മേഖലയിലെ വെയർഹൗസുകളിൽ നിന്നാണ് കാലാവധി കഴിഞ്ഞ പാനീയങ്ങൾ മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പിടിച്ചെടുത്തത്. 99,970 രൂപ വിലമതിക്കുന്ന കാലാവധി കഴിഞ്ഞ ലഹരിയിതര പാനീയങ്ങളും പിടിച്ചെടുത്തു.
പരിശോധനയ്ക്ക് ശേഷം വെലോസിറ്റി എക്സ്പ്രസ് വെയർഹൗസിന്റെ ലൈസൻസ് എഫ്ഡിഎ റദ്ദാക്കി. സ്ഥാപനം സീൽ ചെയ്യുകയും ചെയ്തിട്ടുണ്ട്. സാധനങ്ങൾ കടത്താൻ തയ്യാറാക്കിയി നിർത്തിയിരുന്ന രണ്ട് വാഹനങ്ങളും പിടിച്ചെടുത്തെന്ന് അധികൃതർ അറിയിച്ചു. ആഗസ്റ്റ് 13-ന് വൈകുന്നേരം ആറ് മണി അടുത്ത ദിവസം പുലർച്ചെ അഞ്ച് വരെയാണ് ഇവിടെ പരിശോധന നടത്തിയത്. പിന്നാലെ, മുംബൈയിലെ ക്വിക്ക് കൊമേഴ്സ് സ്ഥാപനങ്ങൾ, റെസ്റ്റോറന്റുകൾ എന്നിവ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.
ഈ ആഴ്ചയിൽ നടത്തിയ മറ്റൊരു പരിശോധനയിൽ 14 ക്വിക്ക് കൊമേഴ്സ് ഔട്ട്ലെറ്റുകളുടെ ലൈസൻസുകളും എഫ്ഡിഎ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ-ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് മുംബൈയിലെ ഡോമിനോസിന്റെ നാല് ഔട്ട്ലെറ്റുകളുടെ പ്രവർത്തനവും ഈ ആഴ്ചയിൽ റദ്ദാക്കിയിട്ടുണ്ട്. വൃത്തിഹീനമായ സാഹചര്യങ്ങളും ഭക്ഷ്യസുരക്ഷാ വീഴ്ചകളും കണ്ടെത്തിയതിനെ തുടർന്ന് മഹാരാഷ്ട്രയിലെ ബ്ലിങ്കിറ്റ്, ഇൻസ്റ്റമാർട്ട്, സെപ്റ്റോ എന്നീ ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങൾക്ക് നേരെയും ഭക്ഷ്യസുരക്ഷാ വകുപ്പ് വടിയെടുക്കുകയുണ്ടായി. സംസ്ഥാനത്തുടനീളം നടത്തിയ വ്യാപക പരിശോധനയിൽ 14 സ്ഥാപനങ്ങളുടെ ലൈസൻസ് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ റദ്ദാക്കിയതായാണ് റിപ്പോർട്ടുകൾ.
