ലോകകപ്പ് സ്വകാര്യ നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട് എതിര്‍പ്പുകള്‍ നേരിടുന്ന ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ആറ് അറബ് ഫുട്ബോള്‍ ഫെഡറേഷന്റെ തലവന്മാര്. 2030 ലോകകപ്പിന്റെ സഹ ആതിഥേയരായ മൊറോക്കോ, ഖത്തര്‍, ഈജിപ്ത്, മൗറിറ്റാനിയ, ലെബനന്, സുഡാന് എന്നീ രാജ്യങ്ങളാണ് ഇന്‍ഫാന്റിനോയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. ഇതില്‍ ഒപ്പുവെച്ച നാല് ഫെഡറേഷന് തലവന്മാര് ഫിഫ കൗണ്‍സില്‍ അംഗങ്ങള്‍ കൂടിയാണ്. ‘ഞങ്ങള്‍ താഴെ ഒപ്പുവെച്ചിരിക്കുന്ന അതത് ഫുട്ബോള്‍ അസോസിയേഷന് തലവന്മാര്, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്ക്ക് ഞങ്ങളുടെ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിലും ലോകമെമ്പാടുമുള്ള ഫുട്ബോളിന്റെ വികസനത്തിനായുള്ള പ്രതിബദ്ധതയിലും ഉള്ള വിശ്വാസം വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്നു,’ -സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
ലോകമെമ്പാടും ഫുട്ബോളിനെ മുന്നോട്ട് കൊണ്ടുപോകുന്നതിനും, എല്ലാ മേഖലകളിലും അവസരങ്ങള്‍ വിപുലീകരിക്കുന്നതിനും, ആളുകളെയും സമൂഹങ്ങളെയും ഒന്നിച്ചു കൊണ്ടുവരുന്നതില്‍ കളിയുടെ പങ്ക് ശക്തിപ്പെടുത്തുന്നതിനുമായി ഇന്‍ഫാന്റിനോ നടത്തുന്ന തുടര്‍ച്ചയായ ശ്രമങ്ങളെ ഞങ്ങള്‍ ഏറെ അഭിനന്ദിക്കുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു. ലോക ഫുട്ബോളിന്റെ ശക്തവും സമൃദ്ധവുമായ ഭാവിക്കായി ഇന്‍ഫാന്റിനോയുമായി അടുത്ത സഹകരണം തുടരുമെന്നും, അവസരങ്ങള്‍ വ്യാപിപ്പിക്കുമെന്നും, ആഗോളതലത്തില്‍ അറബ് ഫുട്ബോളിന്റെ സംഭാവന കൂടുതല്‍ വര്‍ധിപ്പിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
ലോകകപ്പിന്റെ ഓഹരികള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് വില്‍ക്കാനുള്ള പദ്ധതിയെയൊല്ലിയാണ് ഇന്‍ഫാന്റിനോ നിലവില്‍ കടുത്ത പ്രതിഷേധം നേരിടുന്നത്. യൂറോപ്യന്‍ ഫുട്ബോള്‍ ഭരണസമിതിയായ യുവേഫ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഫുട്ബോള്‍ ഭാരവാഹികളില്‍ നിന്ന് കടുത്ത എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് 20 ബില്യണ്‍ ഡോളറിന്റെ നിര്‍ദ്ദേശം അദ്ദേഹം പിന്‍വലിച്ചിരുന്നു. എല്ലാ ഫിഫ മത്സരങ്ങളും പരിപാടികളും ബഹിഷ്കരിക്കുമെന്ന് യുവേഫ മുന്നറിയിപ്പ് നല്‍കിയിരുന്നു. കോണ്‍കാകാഫ് നോര്‍ത്ത്, സെന്‍ട്രല്‍ അമേരിക്ക, കരീബിയന്‍ ഫെഡറേഷന്, ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന യുവേഫ തിങ്കളാഴ്ച ഒരു തുറന്ന കത്തെഴുതിയിരുന്നു.
ഇന്‍ഫാന്റിനോയുടെ പദ്ധതി വിശ്വാസവഞ്ചനയാണെന്നും അവര്‍ വിശേഷിപ്പിച്ചു. കൂടാതെ, ഭരണ നിര്‍വ്വഹണത്തിലെയും ആശങ്കകള്‍ ചൂണ്ടിക്കാട്ടി അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇന്‍ഫാന്റിനോയ്ക്കുള്ള പിന്തുണ പിന്‍വലിച്ചതായി അയര്‍ലന്‍ഡ് ഫുട്ബോള്‍ അസോസിയേഷന് അറിയിച്ചിരുന്നു. ഇംഗ്ലണ്ടും വെയില്‍സും കഴിഞ്ഞ ആഴ്ച സമാനമായ നിലപാട് സ്വീകരിച്ചപ്പോള്‍ വടക്കന്‍ അയര്‍ലന്‍ഡ് യുവേഫയുടെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചു. നോര്‍ത്ത്, സെന്‍ട്രല്‍ കരീബിയന്‍ ഒഷ്യാനിയ മേഖലയില്‍ നിന്നുള്ള ന്യൂസിലാന്‍ഡ് ഫുട്ബോളും ഇന്‍ഫാന്റിനോയ്ക്കുള്ള പിന്തുണ പിന്‍വലിക്കുകയും സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
