റായ്പൂര്‍: 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റേഷന്‍ എടിഎമ്മുമായി ഛത്തീസ്ഗഢ്. അന്നപൂര്‍ത്തി ഗ്രെയിന്‍ എടിഎം എന്ന ഈ പുതിയ സംവിധാനത്തിലൂടെ റേഷന്‍ കടകളില്‍ നിന്നും ലഭ്യമാക്കുന്ന ധാന്യങ്ങളാണ് ലഭ്യമാക്കുന്നത്. അതാതയത് ഈ എടിഎമ്മില്‍ നിന്നും പണത്തിന് പകരം ലഭിക്കുന്നത് അരി, ഗോതബ് പോലുള്ള ഭക്ഷ്യസാധനങ്ങളായിരിക്കും.ഇടവേളകളൊന്നും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന എടിഎമ്മായതിനാൽ ആവശ്യക്കാർക്ക് എപ്പോൾ വേണമെങ്കിലും ഇതിന്റെ സേവനം ഉപയോഗിക്കാം. പ്രമുഖ വ്യവസായിയായ ഹര്‍ഷ് ഗോയങ്ക റേഷന്‍ എടിഎമ്മിന്റെ വീഡിയോ പങ്കുവെച്ച് ഈയൊരു ഉദ്യമത്തെ പ്രകീര്‍ത്തിച്ചിട്ടുണ്ട്.
എങ്ങനെയാണ് എടിഎം പ്രവര്‍ത്തിക്കുന്നതെന്ന് ഈ ദൃശ്യങ്ങളില്‍ വ്യക്തമാണ്. റേഷന്‍ കാര്‍ഡും ഫിംഗര്‍പ്രിന്റും ഉപയോഗിച്ച് ആദ്യം നിങ്ങളുടെ വിവരങ്ങള്‍ മെഷീനില്‍ നല്‍കുക. പിന്നാലെ ഓട്ടോമറ്റിക്കായി നിങ്ങള്‍ക്ക് ലഭ്യമാകുന്ന ധാന്യങ്ങള്‍, എത്ര കിലോ വേണമെന്ന് കൂടി കൃത്യമായി ധരിപ്പിച്ചാല്‍ അത്രയും അളവില്‍ ധാന്യം നിങ്ങള്‍ക്ക് ഇതിലൂടെ ലഭിക്കും. റേഷന്‍ വാങ്ങാന്‍ പ്രത്യേക ദിവസമോ സമയമോ ഇല്ലെന്നതാണ് ഇതിന്റെ പ്രത്യേകത. നിലവില്‍ ഒരു വനിതാ സ്വയം സഹായ സംഘത്തിലാണ് ഈ സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്.
മറ്റൊരാളുടെ സഹായമില്ലാതെ റേഷന്‍ വിതരണ പ്രക്രിയ എളുപ്പമാക്കുന്ന സംവിധാനമാണിത്. മാത്രമല്ല സുതാര്യമായി ക്രമക്കേടുകള്‍ ഇല്ലാതെ റേഷന്‍ വിതരണം നടക്കുകയും ചെയ്യും. സബ്സിഡിയുള്ള ഭക്ഷ്യധാന്യങ്ങള്‍ ബ്ലാക്കില്‍ വില്‍ക്കുന്നതും, അളവിലെ കൃത്രിമവും അടക്കം നടക്കുകയുമില്ല. സാങ്കേതിക വിദ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുന്നതിനൊപ്പം വേഗത്തിലുമാക്കുന്നു എന്നാണ് ദൃശ്യങ്ങള്‍ പങ്കുവച്ച് ഗോയങ്ക പ്രതികരിച്ചത്.
