മസ്കത്ത്: ദുഖം വിലായത്തിലെ റാസ് മദ്റക്ക തീരങ്ങളിലുണ്ടായ എണ്ണച്ചോർച്ചയും പരിസ്ഥിതി മലിനീകരണവും നേരിടാൻ നടപടികൾ ശക്തമാക്കി ഒമാൻ. സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് അതോറിറ്റിയുടെയും (CDAA) പരിസ്ഥിതി അതോറിറ്റിയുടെയും കീഴിലുള്ള ഉന്നത ഉദ്യോഗസ്ഥർ ദുരന്തബാധിത തീരങ്ങളിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് അതോറിറ്റി മേധാവി മേജർ ജനറൽ സുലൈമാൻ ബിൻ അലി അൽ ഹുസൈനി, പരിസ്ഥിതി അതോറിറ്റി ചെയർമാൻ ഡോ. അബ്ദുല്ല ബിൻ അലി അൽ അംറി എന്നിവരുടെ നേതൃത്വത്തിലാണ് ഫീൽഡ് പരിശോധന നടന്നത്.
എണ്ണച്ചോർച്ച മൂലം തീരദേശത്തുണ്ടായ പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനായി നിലവിൽ സ്വീകരിച്ചിട്ടുള്ള പ്രതിരോധ നടപടികളും രക്ഷാപ്രവർത്തനങ്ങളുടെ പുരോഗതിയും ഉദ്യോഗസ്ഥർ വിലയിരുത്തി. വിവിധ സർക്കാർ ഏജൻസികളെ ഏകോപിപ്പിച്ചുകൊണ്ട് അതിവേഗ പ്രതികരണവും കാര്യക്ഷമമായ ശുചീകരണ പ്രവർത്തനങ്ങളും ഉറപ്പാക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ദേശീയ അടിയന്തിര മാനേജ്‌മെന്റ് കമ്മിറ്റിയുടെ പൂർണ മേൽനോട്ടത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. റാസ് മദ്റക്കയിലെ കടൽത്തീരങ്ങളും സമുദ്ര പരിസ്ഥിതിയും സംരക്ഷിക്കുന്നതിനും മലിനീകരണത്തിന്റെ ആഘാതം നിയന്ത്രിക്കുന്നതിനുമായി അധികൃതർ നിരന്തര നിരീക്ഷണവും മുൻകരുതൽ നടപടികളും തുടരുകയാണ്.
