സൂറിച്ച്: ലോകകപ്പ് ഉൾപ്പെടെയുള്ള പ്രധാന ടൂർണമെന്‍റുകളുടെ വാണിജ്യ നടത്തിപ്പിൽ സ്വകാര്യ നിക്ഷേപകരെ പങ്കാളികളാക്കാനുള്ള രാജ്യാന്തര ഫുട്ബോൾ ഫെഡറേഷന്‍റെ (ഫിഫ) നീക്കത്തിന് വൻ തിരിച്ചടി. ഫിഫയുടെ ഈ നിർദ്ദേശം വടക്കേ അമേരിക്കൻ ഫുട്ബോൾ ഭരണസമിതിയായ കോൺകാകാഫിന് കീഴിലുള്ള 41 അംഗ രാജ്യങ്ങളും ഐകകണ്ഠേന തള്ളി.അടുത്തിടെ സമാപിച്ച 2026 ലോകകപ്പിന്‍റെ ആതിഥേയരായ അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവരുൾപ്പെടെയുള്ള രാജ്യങ്ങളാണ് ഫിഫയ്ക്കെതിരെ കടുത്ത നിലപാടെടുത്തിരിക്കുന്നത്. കോൺകാകാഫ് പ്രസിഡന്‍റുമാരുടെ യോഗത്തിലാണ് ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോ മുന്നോട്ടുവെച്ച പദ്ധതി തള്ളാൻ തീരുമാനിച്ചത്. ഫിഫയുടെ നിലപാടിനെതിരെ ശക്തമായ വിമർശനങ്ങളാണ് യോഗത്തിൽ ഉയർന്നത്.
പദ്ധതി തയാറാക്കുന്നതിലും തീരുമാനങ്ങൾ എടുക്കുന്നതിലും കൃത്യമായ സുതാര്യതയോ കൂടിയാലോചനകളോ ഉണ്ടായിട്ടില്ലെന്ന് കോൺകാകാഫ് ചൂണ്ടിക്കാട്ടി. ഭരണസമിതികളിൽ ചർച്ച ചെയ്യുന്നതിന് മുൻപ് തന്നെ ചുരുങ്ങിയ സമയപരിധി നൽകി തട്ടിക്കൂട്ടിയ തീരുമാനമെടുക്കാൻ ശ്രമിച്ചു. റെക്കോർഡ് ലാഭം നേടിയ ലോകകപ്പിന് ശേഷം എന്തിനാണ് സ്വകാര്യ ഏജൻസികളിൽ നിന്ന് നിക്ഷേപം സ്വീകരിക്കുന്നത് എന്നും അംഗങ്ങൾ ചോദിച്ചു. ഫിഫയുടെ കൈവശമുള്ള ശതകോടികളുടെ കരുതൽ ധനം ഉപയോഗിച്ച് പ്രാദേശിക ഫുട്ബോൾ വികസനം സാധ്യമാക്കണമെന്ന് കോൺകാകാഫ് ആവശ്യപ്പെട്ടു.
