ന്യൂഡൽഹി: പതിവുതെറ്റിക്കാതെ തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണയേക്കാൾ മൂന്ന് ദിവസം വൈകി കേരള തീരത്ത് എത്തിച്ചേരുകയും ഇപ്പോൾ വടക്കോട്ട് നീങ്ങുകയും ചെയ്യുകയാണ്. എന്നാൽ, ഈ മഴക്കാലത്തിനൊപ്പം വന്നെത്തിയിരിക്കുന്ന പുതിയൊരു കാലാവസ്ഥാ പ്രവചനം രാജ്യത്തെയാകെ ആശങ്കയിലാഴ്ത്തുന്നു. പസഫിക് സമുദ്രത്തിൽ രൂപംകൊള്ളുന്ന ‘എൽ നിനോ’ പ്രതിഭാസം ചരിത്രത്തിലെ ഏറ്റവും ശക്തമായ ഒന്നായി മാറിയേക്കാമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ‘ഗോഡ്സില്ല എൽ നിനോ’ എന്നാണ് ശാസ്ത്രലോകം ഇതിന് പേരിട്ടിരിക്കുന്നത്.
പസഫിക് സമുദ്രത്തിലെ കാറ്റിന്റെ ഗതി മാറുന്നതോടെ ചൂടുവെള്ളം കിഴക്കോട്ട് നീങ്ങുന്ന പ്രതിഭാസമാണ് എൽ നിനോ. പസഫിക് സമുദ്രത്തിലെ ജലത്തിന്റെ താപനില ഇതിനോടകംതന്നെ എൽ നിനോ പരിധിക്ക് മുകളിലേക്ക് ഉയർന്നിട്ടുണ്ട്.
നിലവിൽ ഈ മേഖലയിലെ താപനില സാധാരണയേക്കാൾ 0.9 ഡിഗ്രി സെൽഷ്യസ് ഉയർന്നിട്ടുണ്ട്. വരും മാസങ്ങളിൽ ഇത് പൂർണ്ണ തോതിലാകാൻ 80 ശതമാനം സാധ്യതയുണ്ടെന്നാണ് ലോക കാലാവസ്ഥാ സംഘടന വ്യക്തമാക്കുന്നത്. വരാനിരിക്കുന്ന ഡിസംബറോടെ താപനില സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അങ്ങനെ സംഭവിച്ചാൽ 1997, 2015 വർഷങ്ങളിലെ സർവ്വകാല റെക്കോർഡുകൾ ഇത് തകർക്കും. കഴിഞ്ഞ തവണയുണ്ടായ എൽ നിനോയാണ് ലോകചരിത്രത്തിലെ ഏറ്റവും ചൂടുകൂടിയ വർഷമായി 2024-നെ മാറ്റിയത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, പസഫിക് സമുദ്രം ചൂടാകുമ്പോൾ രാജ്യത്തേക്ക് വരേണ്ട മഴമേഘങ്ങൾ കിഴക്കോട്ട് നീങ്ങുകയും മൺസൂൺ കാറ്റിന്റെ ശക്തി കുറയുകയും ചെയ്യും. ഇത്തവണ രാജ്യത്ത് സാധാരണ ലഭിക്കേണ്ടതിനേക്കാൾ കുറഞ്ഞ മഴ (ഏകദേശം 90 ശതമാനം മാത്രം) ലഭിക്കാനാണ് സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിക്കുന്നു. ഇത്തരത്തിൽ മഴ കുറയാൻ 60 ശതമാനം സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. സാധാരണയായി മൺസൂണിനെ തുണയ്ക്കാറുള്ള ‘ഇന്ത്യൻ ഓഷ്യൻ ഡൈപോൾ’ പ്രതിഭാസവും ഇത്തവണ നിഷ്പക്ഷമായി തുടരുമെന്നാണ് റിപ്പോർട്ട്.
