തിരുവനന്തപുരം: സംസ്ഥാനത്തെ നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സേവന കാലാവധി സര്‍ക്കാര്‍ വെട്ടിച്ചുരുക്കി. ഒരു വര്‍ഷത്തേക്ക് പുതുക്കാനുള്ള കാലാവധി മൂന്ന് മാസമായി ചുരുക്കി. ഒരു വര്‍ഷമായിരുന്ന കാലാവധി മൂന്ന് മാസമായി ചുരുക്കുന്നതോടെ മൂന്ന് മാസം കഴിഞ്ഞ് വീണ്ടും ജോലി വിലയിരുത്തിക്കൊണ്ടുള്ള പെര്‍ഫോമന്‍സ് അപ്രൈസല്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതായി വരും. 19 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെ ഒഴിവാക്കാനുള്ള നീക്കമാണിതെന്ന് സിഐടിയു ആരോപിച്ചു.
നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സംസ്ഥാന സര്‍ക്കാരിന്റെ 40 ശതമാനം ഫണ്ടും ബാക്കി കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടും ഉപയോഗിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. പുതിയ ഉത്തരവ് വന്നതോടെ തങ്ങളെ ഒഴിവാക്കാനുള്ള നീക്കമാണോ നടക്കുന്നത് എന്നതില്‍ ജീവനക്കാര്‍ ആശങ്കയിലാണ്. സംസ്ഥാനത്ത് 17000 ത്തോളം എന്‍ എച്ച് എം ജീവനക്കാരാണ് ഉള്ളത്. സര്‍ക്കാരിന്റെ പുതിയ നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കാനാണ് സിഐടിയു തീരുമാനിച്ചിരിക്കുന്നത്. മന്ത്രിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഉത്തരവില്‍ സൂചിപ്പിക്കുന്നത്.
