ന്യൂഡൽഹി: ബിജെപിക്കെതിരേ ഒറ്റക്കെട്ടായി നിൽക്കാൻ പ്രതിപക്ഷ പാർട്ടികളോട് ആഹ്വാനം ചെയ്ത് തൃണമൂൽ എംപി മഹുവ മൊയ്ത്ര. തൃണമൂൽ കോൺഗ്രസിനെ തകർക്കാൻ ബിജെപി ഭീഷണിയും സമ്മർദ്ദവും ഉപയോഗിക്കുന്നു. പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിലൂടെ വിമത ടിഎംസി നേതാക്കൾ മമത ബാനർജിയോട് വിശ്വാസവഞ്ചന കാണിച്ചു. തൃണമൂലിന് പിന്തുണ പിൻവലിച്ചവർ രാജിവെച്ച് ബിജെപി ടിക്കറ്റിൽ വീണ്ടും മത്സരിച്ച് ജനപിന്തുണ തെളിയിക്കണമെന്നും മഹുവ വെല്ലുവിളിച്ചു.
‘അത്യാഗ്രഹത്തിനും വഞ്ചനയ്ക്കും അതിരുകളില്ല. ലോക്‌സഭയിൽ നേരിട്ട കനത്ത തിരിച്ചടിക്ക് ശേഷം ബിജെപി നിരാശയിലായിരുന്നു. അവർക്ക് രണ്ടിരട്ടി ഭൂരിപക്ഷം ലഭിച്ചില്ലെന്നതായിരുന്നു കാരണം. അതിനാൽ അവർ കണക്കുകൂട്ടലുകൾ നടത്തി, എന്തുവില കൊടുത്തും 40-50 എംപിമാരെകൂടി നേടാൻ അവർ ആഗ്രഹിക്കുന്നു. തിരഞ്ഞെടുപ്പിലൂടെ അത് നേടാൻ കഴിയുമെന്ന് അവർക്ക് വിശ്വാസമില്ല, പാർട്ടികളെ പിളർത്തി നേടാനാണ് അവർ ആഗ്രഹിക്കുന്നത്. എല്ലാ വിമത എംപിമാരും തിരഞ്ഞെടുക്കപ്പെട്ടത് മമത ബാനർജി കാരണമാണ്. തൃണമൂൽ കോൺഗ്രസ് എന്നാൽ മമതയാണെന്നും മഹുവ ഇന്ത്യൻ എക്‌സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തൃണമൂൽ കോൺഗ്രസിനെതിരെ ഭീതിയുടെയും തെറ്റായ പൊതുജനരോഷത്തിന്റെയും പ്രതിച്ഛായ സൃഷ്ടിക്കാൻ ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നുവെന്നും മൊയ്ത്ര ആരോപിച്ചു.
മുതിർന്ന നേതാക്കളുടെ രാജിയും വിമതനീക്കങ്ങളും പാർട്ടിയെ പ്രതിസന്ധിയിലാക്കിയ ഘട്ടത്തിലാണ് മഹുവ മൊയ്ത്രയുടെ വിമർശനങ്ങളും പുറത്തുവന്നിരിക്കുന്നത്. തൃണമൂലിന്റെ മൂന്ന് രാജ്യസഭാ എംപിമാർ കഴിഞ്ഞ ദിവസങ്ങളിൽ രാജിവെച്ചിരുന്നു. ലോക്‌സഭാ എംപിമാരും വിമതനീക്കത്തിലാണ്.
