ജെസ്നയുടെ തിരോധാന അന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശി ജെസ്ന മറിയ ജെയിംസിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം ആറ് മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സിബിഐ നിരന്തരം ചോദ്യം ചെയ്ത് ദ്രോഹിക്കുന്നുവെന്ന് ആരോപിച്ച് ഇടുക്കി ഉപ്പുകണ്ടം സ്വദേശി ടി യു അരുൺ സമർപ്പിച്ച ഹർജി തീർപ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടത്. അന്വേഷണവുമായി ഹർജിക്കാരൻ സഹകരിക്കണമെന്നും സിബിഐയുടെ അന്വേഷണം നിയമപരമായി തുടരണമെന്നും കോടതി വ്യക്തമാക്കി. ഹർജിക്കാരനെതിരായ ചില സാഹചര്യങ്ങൾ സിബിഐ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും, അതിനാൽ നിലവിലെ സാഹചര്യത്തിൽ അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. 2018 മാർച്ച് 22നാണ് ജെസ്നയെ കാണാതായത്. തുടർന്ന് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്. പിന്നീട് ജെസ്നയുടെ മാതാപിതാക്കൾ നൽകിയ ഹർജിയിൽ മജിസ്ട്രേറ്റ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടതിനെ തുടർന്നാണ് നിലവിലെ അന്വേഷണം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *