ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

തിരുവനന്തപുരം: ആറ്റുകാലിൽ ഭർതൃപീഡനത്തെ തുടർന്ന് 27 കാരി ആത്മഹത്യ ചെയ്തു. ചിറമുക്കിലെ വാടക വീട്ടിലാണ് വർക്കല വടശ്ശേരിക്കോണം സ്വദേശിനി ആരതി ജീവനൊടുക്കിയത്. ആരതിയുടെ കഴുത്തിലും കൈയിലുമായി നഖം കൊണ്ട് മുറിഞ്ഞ പാടുകൾ കണ്ടെത്തി. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. യുവതി ആത്മഹത്യ ചെയ്തത് ഭർത്താവിന്റെ പീഡനത്തെ തുടർന്നാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

യുവതി ഇതിന് മുൻപും ഭർത്താവിൽ നിന്ന് മർദനമേറ്റിരുന്നുവെന്ന് വാർഡ് മെമ്പർ പറഞ്ഞു. 5 മാസം മുൻപ് ഇതുമായി ബന്ധപ്പെട്ട പരാതി ലഭിച്ചിരുന്നുവെന്നും മർദിച്ചതിന്റെ ദൃശ്യങ്ങളും മറ്റും അമ്മയ്ക്ക് അയച്ചുകൊടുത്തിരുന്നു. 7 മാസത്തിന് മുൻപാണ് ആരതിയും ഭർത്താവും ഇവിടേക്ക് താമസത്തിനായി വരുന്നത്. ആരതിയുടെ 50 പവനോളം വരുന്ന സ്വർണ്ണം ഭരതന്നൂർ സ്വദേശിയായ ഭർത്താവ് അതുൽ പണയം വെക്കുകയും മറ്റും ചെയ്തിരുന്നു. ഒന്നരവർഷം മുൻപാണ് ആരതിയുടെ വിവാഹം നടന്നത്.

കല്യാണം കഴിഞ്ഞ് ആറുമാസം പിന്നിട്ടപ്പോൾ ഉപദ്രവം തുടങ്ങിയതായി കുടുംബം പറയുന്നു. ഭർത്താവ് അതുൽ തന്നെ ഉപദ്രവിച്ച് മുറിവേൽപ്പിച്ച് ദൃശ്യങ്ങൾ ആരതി അമ്മയ്ക്ക് അയച്ചു നൽകിയിരുന്നു. നിലവിൽ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ തുടരുകയാണ്. പോസ്റ്റ്മോർട്ടത്തിനായി അൽപ സമയത്തിനകം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും.

Leave a Reply

Your email address will not be published. Required fields are marked *