ബോളിവുഡിലെ എക്കാലത്തെയും ജനപ്രിയ കോമഡി ഫ്രാഞ്ചൈസികളിലൊന്നായ ‘ഹേരാ ഫേരി 3’ യെ കുറിച്ചുള്ള പുതിയ വെളുപ്പെടുത്തൽ നടത്തി സംവിധായകൻ പ്രിയദർശൻ. ഏറെ നാളായി ചർച്ചയിലായിരുന്ന ചിത്രം ഒരിക്കലും തിയേറ്ററുകളിലെത്തില്ലെന്ന സൂചനയാണ് സംവിധായകൻ പ്രിയദർശൻ നൽകിയിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് പ്രിയദർശൻ ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ താൻ ‘ഹേരാ ഫേരി 3’ യുടെ ഭാഗമല്ലെന്നും, നിരവധി പ്രശ്നങ്ങളും വ്യക്തിപരമായ അഭിപ്രായഭിന്നതകളും കാരണം ചിത്രം ഒരിക്കലും റിലീസ് കാണില്ലെന്നാണ് തന്റെ അറിവെന്നും അദ്ദേഹം പറഞ്ഞു.
നിർമാതാവ് ഫിറോസ് നഡിയാദ്‌വാലയും പ്രിയദർശൻ ഇനി ചിത്രവുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശരിയായ ദിശയിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനിടെയാണ് പ്രിയദർശൻ വിഷയത്തിൽ വ്യക്തതെ വരുത്തിയത്.
2000-ൽ പുറത്തിറങ്ങിയ ‘ഹേരാ ഫേരി’ അക്ഷയ് കുമാർ, സുനിൽ ഷെട്ടി, പരേഷ് റാവൽ എന്നിവരുടെ പ്രകടനങ്ങളിലൂടെ ബോളിവുഡിലെ എക്കാലത്തെയും മികച്ച കോമഡി ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. മലയാള ചിത്രമായ ‘റാംജി റാവു സ്പീക്കിംഗ്’ ആസ്പദമാക്കിയായിരുന്നു ചിത്രം ഒരുക്കിയത്. പിന്നീട് പുറത്തിറങ്ങിയ ‘ഫിർ ഹേരാ ഫേരി’ യും വൻ വിജയമായി.അതേസമയം, പ്രിയദർശന്റെ അടുത്ത ചിത്രം ‘ഹൈവാൻ’ ആണ്. അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സെപ്റ്റംബർ 11, 2026-ന് റിലീസ് ചെയ്യാനാണ് പദ്ധതി. കാജോൾ, ബോബി ഡിയോൾ, ശ്രിയ പിൽഗാവങ്കർ, സയാമി ഖേർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മോഹൻലാലും അതിഥി വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.
