ഓണക്കാലത്തെ പൊതുവിതരണത്തിനായുള്ള അരിയിൽ കേന്ദ്രം നിർത്തലാക്കിയ പോഷിതയരിയും; സ്വകാര്യമില്ലുകളിൽ പരിശോധന

ആലത്തൂർ: സംസ്ഥാനത്ത് ഓണക്കാലത്ത് പൊതുവിതരണത്തിന് കൈമാറാൻ സ്വകാര്യമില്ലുകളിൽ തയ്യാറാക്കിയ അരിയിൽ കേന്ദ്രസർക്കാർ നിർത്തലാക്കിയ പോഷിതയരിയുടെ സാന്നിധ്യം കണ്ടെത്തി. ഇത് കണ്ടെത്തിയതോടെ മില്ലുകളിൽ ഗുണനിലവാര പരിശോധന പൂർത്തിയാക്കി അരി പൊതുവിതരണത്തിന് കൈമാറുന്നത് സപ്ലൈകോ പാഡി മാർക്കറ്റിങ് ഓഫീസർമാർ നിർത്തിവെച്ചു. ആയിരം ലോഡ് അരിക്ക്‌ പ്രശ്‌നമുണ്ടെന്നാണ് വിവരം. ഓണക്കാലത്ത് റേഷൻകടകളിൽ എത്തേണ്ട മട്ടയറിയിലാണ് പോഷിതയരിയുടെ സാന്നിധ്യം കണ്ടെത്തിയത്.

പോഷിതയരി പൊതുവിതരണത്തിനുള്ള അരിയിൽ കലർത്തുന്നത് 2026 ഫെബ്രുവരിയി 27-നാണ് കേന്ദ്രസർക്കാർ നിർത്തിയത്. ഇതിനുശേഷം പൊതുവിതരണത്തിനായി തയ്യാറാക്കുന്ന അരിയിൽ കലർത്താൻ കേന്ദ്രസർക്കാർ അംഗീകൃത ഏജൻസിയിലൂടെ പോഷിതയരി മില്ലുകൾക്ക് നൽകിയിട്ടില്ല. നേരത്തേ വിതരണം ചെയ്ത റേഷനരി വീണ്ടും മില്ലുകളിൽ തിരിച്ചെത്തിയതോ, അയൽ സംസ്ഥാനത്തെ റേഷനരി സ്വകാര്യമില്ലുകൾ കൊണ്ടുവന്നതോ ആകാമെന്നാണ് വിലയിരുത്തൽ.

28 മില്ലുകളിൽ പോഷിതയരി കണ്ടെത്തിയെന്നാണ് സൂചന. സംഭരിച്ച മട്ട നെല്ല് ബ്രാൻഡഡ് അരിയാക്കി പൊതുവിപണിയിൽ വിൽക്കുകയും പകരം ഗുണനിലവാരവും വിലയും കുറഞ്ഞ ഇതര സംസ്ഥാന നെല്ല് അരിയാക്കി പൊതുവിതരണത്തിന് നൽകുകയും ചെയ്യുന്നതായി മുൻപും പരാതി ഉയർന്നിരുന്നു. സംസ്ഥാനത്ത് സംഭരിക്കുന്ന നെല്ലിന്റെ അരി, മില്ലിൽനിന്ന് നേരിട്ട് സിവിൽ സപ്ലൈസ് ഡിപ്പോയിലേക്കാണ് പോകുക. ഭക്ഷ്യസുരക്ഷാ നിലവാരവിഭാഗം ഇതിൽ ഇടപെടാറില്ല. എഫ്.സി.ഐ. ഗോഡൗണിൽനിന്ന് വരുന്ന പഴയ അരിയിൽ പോഷിതയരി ഉണ്ടെന്നാണ് ജില്ലാ സപ്ലൈ ഓഫീസർമാർ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *