മൂന്നാറിന് ഇനി നീലവസന്തം; മലഞ്ചെരിവുകളിൽ നീലക്കുറിഞ്ഞി പൂത്തുതുടങ്ങി

മൂന്നാർ: മഞ്ഞുമൂടിയ മൂന്നാറിന്റെ മലനിരകളിൽ വീണ്ടും നീലനിറം പടർന്നുപിടിച്ചിരിക്കുകയാണ്. മൂന്നാർ ഇക്കാനഗർ, ചൊക്കരമുടി തുടങ്ങിയ മേഖലകളിൽ അപൂർവമായ നീലക്കുറിഞ്ഞി വ്യാപകമായി പൂത്തുതുടങ്ങി. പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി ഇക്കുറി നേരത്തെയെത്തിയതിന്റെ ആവേശത്തിലാണ് സഞ്ചാരികളും പ്രകൃതിസ്‌നേഹികളും.

ഇക്കാനഗറിലെ മലഞ്ചെരിവുകളിലാണ് നിലവിൽ നീലക്കുറിഞ്ഞി ഏറ്റവും കൂടുതൽ പൂത്തുനിൽക്കുന്നത്. വരും ആഴ്ചകളിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് നീലക്കുറിഞ്ഞിപ്പൂക്കാലം വ്യാപിക്കുമെന്നാണ് പ്രതീക്ഷ. നീലയും പച്ചയും കലർന്ന മലനിരകളുടെ കാഴ്ച മൂന്നാറിന്റെ പ്രകൃതിഭംഗിക്ക് കൂടുതൽ മനോഹാരിത പകരുകയാണ്.

നീലക്കുറിഞ്ഞിയുടെ വരവോടെ ഹൈറേഞ്ചിലെ വിനോദസഞ്ചാര മേഖലയിലും ഉണർവുണ്ടാകുമെന്നാണ് വിലയിരുത്തൽ. പൂക്കാലം കാണാൻ കൂടുതൽ സഞ്ചാരികൾ മൂന്നാറിലേക്കെത്തുന്നതോടെ പ്രദേശത്തെ ടൂറിസം മേഖലയ്ക്കും ഇത് നേട്ടമാകുമെന്നാണ് പ്രതീക്ഷ. മഞ്ഞിൽ കുളിച്ച മലനിരകൾക്ക് നീല നിറമണിയുമ്പോൾ, മൂന്നാർ വീണ്ടും ഒരു അപൂർവ പ്രകൃതി വിസ്മയത്തിന് സാക്ഷിയാകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *