ന്യൂഡൽഹി: ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര പ്രതിരോധ ഗവേഷണ സ്ഥാപനമായ ‘സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്’ പുറത്തുവിട്ട ‘സിപ്രി ഇയർബുക്ക് 2026’ ലാണ് ഈ വിവരങ്ങളുള്ളത്. ഇന്ത്യയുടെ ആണവായുധ ശേഖരം 2025-ലെ 180 പോർമുനകളിൽ നിന്ന് 2026-ൽ 190 ആയി ഉയർന്നു. ഒരു വർഷത്തിനിടെ ഇന്ത്യ 10 ആണവായുധങ്ങൾ കൂടി ആയുധശേഖരത്തിലേക്ക് കൂട്ടിച്ചേർത്തതായി സിപ്രി വ്യക്തമാക്കുന്നു. ഇതേ കാലയളവിൽ പാകിസ്താന്റെ ആണവായുധ ശേഷിയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. 2025-ലെയെന്നപോലെ പാകിസ്താന്റെ കൈവശമുള്ള ആണവായുധങ്ങളുടെ എണ്ണം 170 ആയി തന്നെ തുടരുകയാണ്.
ഇന്ത്യ ആണവായുധ വിന്യാസ സംവിധാനങ്ങൾ നിരന്തരം ആധുനികീകരിച്ചു കൊണ്ടിരിക്കുകയാണ്. പാകിസ്താനുമായുള്ള ദീർഘകാല തർക്കങ്ങൾക്കൊപ്പം തന്നെ, ചൈനയിലെ ഏത് ലക്ഷ്യസ്ഥാനങ്ങളിലേക്കും എത്തിച്ചേരാൻ ശേഷിയുള്ള ദീർഘദൂര ആയുധങ്ങൾ വികസിപ്പിക്കുന്നതിലേക്ക് ഇന്ത്യ ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി.
