കുവൈത്ത് സിറ്റി: ഇറാന്റെ ആക്രമണത്തിൽ കുവൈത്തിലെ വൈദ്യുതി ഉത്പാദന-ജല ശുദ്ധീകരണ പ്ലാന്റിന് കേടുപാടുകൾ സംഭവിച്ചതായി കുവൈത്ത് വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. ആക്രമണത്തെത്തുടർന്ന് പ്ലാന്റിൽ തീപ്പിടിത്തം ഉണ്ടാവുകയും അത് വൈദ്യുതി ഉത്പാദന യൂണിറ്റുകളെ ബാധിക്കുകയും ചെയ്തു.
ഇറാന്റെ ആക്രമണത്തിൽ പ്ലാന്റിന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു. വൈദ്യുതി ഉത്പാദനത്തിന്റെ ഭൂരിഭാഗം യൂണിറ്റുകളെയും തീപ്പിടിത്തം ബാധിച്ചു. നിലവിൽ മന്ത്രാലയത്തിന്റെ സാങ്കേതിക, എമർജൻസി ടീമുകൾ നാശനഷ്ടങ്ങൾ വിലയിരുത്തുകയും പ്ലാന്റ് സുരക്ഷിതമാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.
പവർ ഗ്രിഡിന്റെ സ്ഥിരത നിലനിർത്താനും മുടക്കമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാനും മന്ത്രാലയം അടിയന്തര കർമ്മപദ്ധതികൾ ആവിഷ്‌കരിച്ചു. തകരാറിലായ യൂണിറ്റുകൾ എത്രയും വേഗം പ്രവർത്തനക്ഷമമാക്കാൻ വിദഗ്ധ സംഘം പ്രവർത്തിച്ചുവരികയാണ്. കുവൈത്ത് വാർത്താ ഏജൻസി ആണ് മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവന പുറത്തുവിട്ടത്. പവർ ഗ്രിഡിലെ തടസ്സങ്ങൾ ഒഴിവാക്കാനും ജനങ്ങൾക്ക് തടസ്സമില്ലാതെ സേവനം ലഭ്യമാക്കാനുമുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
